രാമപുരം: ഹൃദയസംബന്ധമായ അസുഖം മൂലം വലയുന്ന 75 കാരിയായ വൃദ്ധയ്ക്ക് ബാങ്കുകളില്‍നിന്നു ജപ്തി ഭീഷണിയും. അസുഖത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തിയെങ്കിലും അസുഖം വിട്ടുമാറിയിട്ടില്ല. ദിവസവും മരുന്നിന് പണമില്ലാതെയും സഹായിക്കാനാരുമില്ലാ തെയും കൊച്ചുവീട്ടില്‍ തനിയെ കഴിയുകയാണ് രാമപുരം കിഴതിരി തച്ചൂര്‍ റോസമ്മ.
ആറു മക്കളുള്ള ഇവരുടെ ഏക മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. അഞ്ച് പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. സാമ്പത്തികമായി വളരെയധികം കഷ്ടപ്പെടുന്ന പെണ്‍മക്കള്‍ക്കും മുഴുവന്‍ സമയവും ഇവരെ സഹായിക്കാനുള്ള ത്രാണിയില്ല. കൂടുതല്‍ ചികിത്സയ്ക്കായി പണം കെട്ടിവയ്ക്കണമെന്ന് വന്നതോടെ ചികിത്സ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായി വരുന്നതിനിടയിലാണ് കോട്ടയം ജില്ലാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും എടുത്ത വായ്പ അടയ്ക്കല്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തിയായിരിക്കുന്നത്. ആകെയുള്ള എട്ട് സെന്റ് സ്ഥലവും വീടും ഈ മാസം 27 നു ലേലത്തിന് വച്ചിരിക്കുകയാണ്. വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ഇളവ് നല്‍കണമെന്നും കാണിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.