കൊച്ചി: എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി തമ്മനം ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ ഡൊമിനിക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി.
സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരേ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. സംഭവം നടന്നിട്ട് നാളെ ഒരു വര്‍ഷം പിന്നിടുകയാണ്. കേസില്‍ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. പ്രതി കാക്കനാട് ജില്ല ജയിലിലാണുള്ളത്.
കഴിഞ്ഞ ഒക്ടോബര്‍ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കണ്വന്ഷന് സെന്ററില്‍ സ്ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഡൊമിനിക് മാര്‍ട്ടിനാണ് കേസിലെ ഏക പ്രതി. യുഎപിഎ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഡൊമിനിക് മാര്‍ട്ടിനെതിരേ ചുമത്തിയിരുന്നത്.
സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. 2000ലധികം പേര് കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നു.സ്ഫോടനമുണ്ടായതിന് പിന്നാലെ തൃശൂര്‍ കൊടകര സ്റ്റേഷനിലെത്തി മാര്ട്ടിന് കീഴടങ്ങിയിരുന്നു. സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് ഫേസ് ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് മാര്ട്ടിന് സ്റ്റേഷനിലെത്തിയത്.
യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ചിന്തയുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. താന്‍ പല തവണ തിരുത്താന്‍ ശ്രമിച്ചെങ്കിലും വിശ്വാസികള്‍ മാറാന്‍ തയാറായില്ലെന്ന് ഡൊമിനിക് വീഡിയോയില്‍ ആരോപിച്ചിരുന്നു. അതോടെയാണ് ബോംബ് വയ്ക്കാന്‍ തീരുമാനിച്ചത് എന്നും പറഞ്ഞിരുന്നു. ബോംബ് നിര്‍മാണ പ്രക്രിയ അടക്കം ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച് തമ്മനത്തെ വീട്ടില്‍ വച്ചാണ് പ്രതി ബോംബ് നിര്‍മിച്ചത്.
അന്വേഷണോദ്യോഗസ്ഥനായിരുന്ന അന്നത്തെ കൊച്ചി ഡിസിപി എസ്. ശശിധരനാണ് കഴിഞ്ഞ ഏപ്രിലില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. യഹോവയുടെ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. 3578 പേജുള്ളതാണ് കുറ്റപത്രം. കേസില്‍ 294 സാക്ഷികളാണുള്ളത്.
137 തൊണ്ടിമുതലും 236 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്ന ആക്രമണത്തിലൂടെ യഹോവയുടെ സാക്ഷികളിലേക്ക് പൊതുജനത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരികയും സംഘടനയെ നിരോധിക്കുകയുമായിരുന്നു ഡൊമിനിക് മാര്ട്ടിന് ലക്ഷ്യമിട്ടതെന്നാണു കുറ്റപത്രത്തില്‍ പറയുന്നു. വിചാരണ നടപടികള്‍ക്കായി കേസ് കളമശേരി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സീമ മോഹന്‍ലാല്‍