ന്യൂഡൽഹി: ശബരിമല തീർഥാടകർക്കു വിമാനത്തിൽ നാളികേരം കൊണ്ടുപോകാൻ അനുമതി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അടുത്തവർഷം ജനുവരി 20 വരെ ഇളവ് അനുവദിച്ച് ഉത്തവരവിറക്കി. സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡുവാണ് എക്സിൽ ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ കാരണങ്ങളാൽ കാബിൻ ബാഗേജിൽ നാളികേരം കൊണ്ടുപോകുന്നതു നിരോധിച്ചിരുന്നു. മണ്ഡലകാലത്തു ഭക്തരുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടിയാണു പുതിയ ഇളവുകൾ. നെയ്ത്തേങ്ങ ഇനിമുതൽ വിമാനകാബിനിൽ സൂക്ഷിക്കാം.
എക്സ്-റേ സ്ക്രീനിംഗ്, എക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ടർ (ഇടിഡി) ടെസ്റ്റിംഗ്, ഫിസിക്കൽ ഇൻസ്പെക്ഷൻ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ സുരക്ഷാപരിശോധനകൾക്കു ശേഷമേ അയ്യപ്പഭക്തരെ നെയ്ത്തേങ്ങ കൊണ്ടുവരാൻ അനുവദിക്കുകയുള്ളു.
ഇരുമുടിക്കെട്ടിലെ തേങ്ങ കാബിൻ ബാഗേജിൽ അനുവദനീയമാണെങ്കിലും മറ്റെല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.