വെള്ളറട: വെള്ളറട ചൂണ്ടിക്കല്‍ കലുങ്ക്നട സ്വദേശിയായ സുരേഷ് കുമാറിനെ (54) അപകടത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുടപ്പനമൂട് കോവില്ലൂര്‍ സതി ഭവനില്‍ അതുല്‍ ദേവ് (22) ആണ് പിടിയിലായത്.
സെപ്റ്റംബർ ഏഴിനാണ് സംഭവം. സിസിടിവി ദ്യശ്യങ്ങളുടെ സഹായത്തോടെയാണു പ്രതിയെ പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 14 നാണ് ചൂണ്ടിക്കലിലെ വീട്ടില്‍ സുരേഷ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വീടിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ ബൈക്ക് ഓടിച്ച അതുല്‍ ദേവ് സുരേഷിനെ റോഡിനു സമീപത്തെ ഒറ്റമുറി വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ മരണാനന്തര ചടങ്ങുകളിലും പ്രതി പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു.
സുരേഷിന്റെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അപകട ശേഷം പരിക്കേറ്റ സുരേഷിനെ പ്രതി വീട്ടിലാക്കി മടങ്ങി.
നാലു ദിവസം കഴിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, എഎസ്ഐ സനല്‍ എസ്.കുമാര്‍, സിവില്‍ പോലീസ്കാരായ പ്രദിപ്, ദീബു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.