ബെയ്ജിംഗ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കിന്റർഗാർട്ടണുകൾ ഉണ്ടായിരുന്നത് 2023ൽ 14,808 ആയി കുറഞ്ഞെന്നു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
2023ൽ ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് 2023ൽ രേഖപ്പെടുത്തിയത്. ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ പ്രസവസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുതിയ നടപടികൾ അവതരിപ്പിച്ചു.
വിവാഹത്തിനും കുട്ടികളെ പ്രസവിക്കുന്നതിനും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശിശുപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ എന്നിവയിൽ പിന്തുണ വിപുലീകരിക്കുക എന്നിവ കേന്ദ്രീകരിച്ചാണ് ഈ നടപടികൾ.