തോട്ടയ്ക്കാട്: ജീവനോപാധിയായ കച്ചവടത്തിനൊപ്പം കലയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കലാകാരന്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചിത്രരചനയ്ക്കായി സമയം കണ്ടെത്തുന്ന തനി നാട്ടിന്പുറത്തുക്കാരന്. തോട്ടയ്ക്കാട് അമ്പലക്കവലയില്‍ കട നടത്തുന്ന പി.വി. സത്യനെക്കുറിച്ച് ആരോടും ചോദിച്ചാലും ഇതായിരിക്കും പറയുക. അതെ, വരകളും വർണങ്ങളും സത്യനു ജീവിതത്തിന്റെ മേൽവിലാസമാണ്.
പരിമിതമായ സാഹചര്യത്തില്‍ സത്യന് വരച്ചു തീര്‍ത്തത് ജീവന് തുടിക്കുന്ന അനേകം ചിത്രങ്ങളാണ്. ചെറുപ്പംതൊട്ടെ നന്നായി വരച്ചിരുന്ന സത്യന്റെ ആഗ്രഹവും ചിത്രകാരനാവുക എന്നതായിരുന്നു. തന്നെ ഏറെ സ്നേഹിക്കുകയും വരയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആകസ്മിക വേര്‍പാട് ആ മോഹത്തിനു തിരശീലയിട്ടു. പിന്നീട് കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തില്‍ കാര്‍പെന്ററായി ജോലിയില്‍. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ എവിടെയോ ആ ഇഷ്ടവും താത്പര്യവും നഷ്ടമായി.
നീണ്ട 38 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സത്യന് ചിത്രങ്ങള്‍ വീണ്ടും വരച്ചു തുടങ്ങിയത്. ഒന്നര വര്‍ഷം മുന്‍പു വീടിനു സമീപം ആരംഭിച്ച കടയാണ് അതിനിടയാക്കിയത്. അതുകൊണ്ടു തന്നെ സത്യനു കടയും അത്ര പ്രിയപ്പെട്ടതാണ്. തോട്ടയ്ക്കാട് ചങ്ങനാശേരി റോഡിന്റെ വശത്തിരുന്നു സത്യന് വരച്ചു തീര്‍ത്ത ചിത്രങ്ങളില്‍ മമ്മൂട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരേഷ്ഗോപിയും ഉള്‍പ്പെടുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വരച്ച് മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് കൈമാറി. വരച്ച ചിത്രങ്ങളെല്ലാം അതത് ആളുകള്‍ക്ക് കൈമാറണമെന്നാണ് സത്യന്റെ ആഗ്രഹം. ഭാര്യ ഉഷയും മക്കളായ ശില്പയും ശരത്തും സത്യനു പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. താന്‍ ആഗ്രഹിച്ചപ്പോലെ ചിത്രകാരനായി ഉപജീവനം കണ്ടെത്താനാണ് സത്യന്റെ ആഗ്രഹവും. ചിത്രരചനയ്ക്കായി വിളിക്കുക- 9544496183.
റോബിന് ഏബ്രഹാം ജോസഫ്