തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം, സന്ദർശനവിസ വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോർക്ക.
ഇത്തരത്തിൽ വ്യാജ പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് അംഗീകാരമുള്ളതാണോയെന്നു പരിശോധിക്കാൻ കഴിയും. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്നു മുൻകൂർ അനുമതി ആവശ്യമാണ്.
വിദേശത്തെ തൊഴിൽസ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യൻ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇ-മെയിൽ, ഫോണ് മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്.
തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിലും, നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പരാതി നൽകുന്നതിനൊപ്പം അടുത്തുളള പോലീസ് സ്റ്റേഷനിലും പരാതി നൽകണം. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നന്പർ 1800 11 3090, 0484-2314900, 2314901 (മലയാളം) ഇമെയിൽ [email protected].