കർണാടകയിൽ സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ എൻജിനീയറിംഗ് വിദ്യാർഥിനിയെ 12 മണിക്കൂറിനുശേഷം സാഹസികമായി രക്ഷപ്പെടുത്തി.
ബംഗളുരൂവിലെ തുമകുരുവിലാണു സംഭവം. ശിവപുര സ്വദേശിനിയായ എൻജിനീയറിംഗ് വിദ്യാർഥിനി ഹംസ ഗൗഡ (19) ആണ് തുമകുരു മൈഡല തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ തടാകക്കരയിലെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിനു മുകളില്‍കയറി സെൽഫിയെടുക്കാൻ ശ്രമിക്കുന്പോൾ ഹംസ കാൽതെറ്റി താഴേക്കുവീഴുകയും പാറക്കെട്ടുകൾക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
ഉടൻ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണു പുറത്തെത്തിക്കാനായത്.