നെടുങ്കണ്ടം: മുത്തശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അമ്മയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ സലോമോന്, ഫിലോമിന എന്നിവരെയാണ് ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ എട്ടോടെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ 56 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ മരിച്ച നിലയിലും സമീപത്തായി അവശനിലയില്‍ ചിഞ്ചുവിന്റെ അമ്മ ജാന്‍സിയെയും കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ നാലോടെ ജാന്‍സിയെയും കുഞ്ഞിനെയും കാണാതായെന്നായിരുന്നു സലോമോന് പറഞ്ഞിരുന്നത്.
തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ചിഞ്ചു കുറ്റം സമ്മതിക്കുകയായിരുന്നു.
രാത്രിയില്‍ കുഞ്ഞിന്റെ തുടര്‍ച്ചയായ കരച്ചില് കേട്ട് അസ്വസ്ഥയായ അമ്മ ചിഞ്ചു കുഞ്ഞിനെ ഭിത്തിയിൽ ഇടിക്കുകയായിരുന്നുവെന്നും കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായതോടെ ഫിലോമിനയും സലോമോനും ചേര്‍ന്ന് കഥ മെനയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൂവരെയും റിമാന്‍ഡ് ചെയ്തു.