ഹൈദരാബാദ്: ഹോട്ടലില്‍നിന്ന് മോമോസ് എന്ന പലഹാരം കഴിച്ചവർക്കു കൂട്ടത്തോടെ ഭക്ഷ്യവിഷബാധ. ഒരു യുവതി മരിച്ചു. ഇരുപതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിലാണ് സംഭവം. ബഞ്ചാര ഹില്‍സിലെ നന്ദിനഗർ പ്രദേശത്തെ ഹോട്ടലില്‍നിന്നു മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. സിംഗാടികുണ്ട സ്വദേശിനിയായ യുവതിയാണു മരിച്ചത്.
തണുപ്പകറ്റാൻ ടിബറ്റൻ ജനത കഴിക്കുന്ന പലഹാരമാണു മോമോസ്. ആവിയിൽ പുഴുങ്ങിയാണ് ഇതുണ്ടാക്കുന്നത്. മൈദയാണു പ്രധാന ചേരുവ. ഇന്ത്യയിൽ മോമോസ് തയാറാക്കുന്പോൾ അമിതരുചിക്കായി രാസപദാർഥങ്ങൾ ചേർക്കുന്നതായി പരാതി ഉയർന്നിരുന്നു.
ഇതിനിടയിലാണു മോമോസ് കഴിച്ചവർക്കു ഭക്ഷ്യവിഷബാധയും മരണവും സംഭവിച്ചിരിക്കുന്നത്. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണു വിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയ്ക്കായി ഹോട്ടലില്‍നിന്നു ഭക്ഷണസാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയച്ചി ട്ടുണ്ട്.