കോഴിക്കോട്: ബാലുശേരിയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ച പരാതിയിൽ സിപിഎം നേതാവ് ഒളിവില്‍. സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം. രതീഷാണ് പോലീസ് കേസ് എടുത്തേതാടെ ഒളിവില്‍ പോയത്. സദാചാര ആക്രമണത്തിന് ഇരയായ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ബന്ധുവുമാണ് പരാതി നല്‍കിയത്.
രതീഷിന് ഒപ്പമുണ്ടായിരുന്ന ഏഴുപേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടശേഷം വിദ്യാർഥിനി സഹപാഠികൾക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചു.
തുടർന്ന് രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അക്രമത്തിൽ നിന്നു വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ കൂടുതൽ ആളുകൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബന്ധുവിനെ കൈ പുറകിൽ കെട്ടി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലും അടിച്ചതായി പരാതിയിൽ പറയുന്നു.
പരിക്കേറ്റ യുവാവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസിന് മേല്‍ തുടര്‍ നടപടികള്‍ എടുക്കുന്നതിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.