തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ ജാമ്യം തേടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജിയുമായി മുന്നോട്ട് പോകുന്നത്.
നവീൻബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരേ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കമ്മീഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഉത്തരവിൽ നവീൻബാബുവിന് കൈക്കൂലി നൽകിയതായുള്ള പരാമർശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൈക്കൂലി വാങ്ങി എന്ന വാദത്തെ ബലപ്പെടുത്തുന്നതായാണ് പ്രതിഭാഗം ഉയർത്തിക്കാട്ടുന്നത്.
ഗുരുതരമായ ആരോപണം ഉന്നയിച്ച പ്രശാന്തിനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മുൻകൂർ ജാമ്യം നിഷധിച്ച സെഷൻ കോടതിയുടെ ഉത്തരവിൽ 34-ാം പേജിൽ ജില്ലാ കളക്ടറുടെ മൊഴി പറയുന്നുണ്ട്. നിർണായകമായ പ്രശാന്തിന്റെ മൊഴി എന്ത് കൊണ്ട് കോടതിയുടെ മുന്നിൽ എത്തിയില്ല. പ്രശാന്തിന്റ മൊഴി കോടതി പരിശോധിച്ചതായി കാണുന്നില്ല. അന്വേഷണ സംഘം ഈ മൊഴി കോടതിയുടെ മുന്നിൽനിന്നു മനഃപൂർവം മറച്ചു വയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
പ്രശാന്തനെ ചുറ്റിപ്പറ്റിയുള്ള തെളിവുകൾ കോടതിക്കു മുന്നിൽ കൊണ്ടു വരുന്നതിൽ അന്വേഷണ സംഘത്തിന് കുറ്റകരമായ വീഴ്ച വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടും.തെറ്റു പറ്റിയെന്ന് നവീൻ ബാബു കളക്ടറോട് പറഞ്ഞതായി മുൻകൂർ ജാമ്യം തള്ളിയ കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ എഡിഎമ്മിന് പറ്റിയ തെറ്റ് എന്തെന്ന് കളക്ടർ നവീൻബാബുവിനോട് ചോദിച്ചിരുന്നോ? നവീൻബാബുവിന് പറ്റിയ ആ തെറ്റിനെക്കുറിച്ച് പോലീസ് അന്വേഷിക്കാത്തത് എന്ത് കൊണ്ട്?
സർവവസ്തുക്കളും പരിശോധിച്ച കോടതിക്കു മുന്നിൽ ഇക്കാര്യങ്ങൾ എത്താത്തത് എന്തുകൊണ്ട്? എ. ഗീതയുടെ റിപ്പോർട്ട് പ്രകാരം പ്രശാന്ത് ഉന്നയിച്ച ആരോപണം സാധൂകരിക്കലല്ലേ? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ പോലീസ് ഹാജരാക്കിയ കേസ് ഡയറിയിൽ ഗീതയുടെ അന്വഷണ റിപ്പോർട്ടോ പ്രശാന്തിന്റെ മൊഴികളോ ഇല്ലാത്തത് കോടതിയെ തെറ്റിദ്ധരിപ്പിക്കലല്ലേ? തുടങ്ങിയ ചോദ്യങ്ങൾ പ്രതിഭാഗം ഉയർത്തുന്നു.
പ്രശാന്തിനെതിരേ അന്വഷണം നടത്തി നടപടി സ്വീകരിച്ച ഗീതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കോടതിക്ക് മുന്നിൽ എത്തിക്കാത്തതു ദുരൂഹമാണെന്നും പ്രതിഭാഗം ഉന്നയിക്കുന്നു. പ്രശാന്തിന്റെ സസ്പെൻഷൻ ഉത്തരവു പോലും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പ്രശാന്ത് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ മറച്ചു വയ്ക്കാനാണ് പോലീസ് ഇത്തരം നീക്കങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 14 ന് ഉച്ചക്ക് 12 മുതൽ 1.45 വരെ പ്രശാന്ത് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ അന്വഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പ്രശാന്ത് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് പോകുന്നതിന്റെയും തിരിച്ച് പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിക്കാൻ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ രാരാഷ്ട്രദീപികയോട് പറഞ്ഞു.
നവാസ് മേത്തർ