കോട്ടയം: ചേലക്കര, പാലക്കാട് വഴി വയനാട് ചുരം കയറാന്‍ കോട്ടയത്തെ നേതാക്കളും. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടപ്പു പ്രചാരണത്തിനാണ് കോട്ടയത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ മൂന്നു മണ്ഡലങ്ങളിലുമെത്തിയത്. യുവജന, മഹിള പ്രവര്‍ത്തകരും ഭവനസന്ദര്ശനത്തിനുള്ള സംഘമായി അടുത്തദിവസം മണ്ഡലങ്ങളിലെത്തും.
തിരുവഞ്ചൂര്‍ ചേലക്കരയില്‍, കെ.സി. ജോസഫ് പാലക്കാട്ട്
കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചേലക്കര മണ്ഡലത്തിന്റെ ചുമതലയാണ് കെപിസിസി നല്‍കിയത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്ന തിരുവഞ്ചൂരാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു ചേലക്കര മണ്ഡലത്തിലെ തിരുവില്ലാമല പഞ്ചായത്തിന്റെ ചുമതലയാണ്.
പഞ്ചായത്തിലെ ബുത്തുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയാണ് സുരേഷിന്റെ ചുമതല. പാലാക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫാണ്. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ ഒന്നിനു ചേലക്കരയിലും നാലിനു പാലക്കാട്ടും ഭവന സന്ദര്‍ശനം നടത്തുന്നുണ്ട്.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുസിന് പാലക്കാട്ടെ യുഡിഎഫ് ഇലക്ഷന് ഓഫീസിന്റെ ചുമതലയാണ്.
കേരള കോണ്‍ഗ്രസിനു വേണ്ടി മോന്‍സ് ജോസഫ് എംഎല്‍എ ചേലക്കരയിലും പാലക്കാട്ടുമുണ്ട്. ഫ്രാന്‍സീസ് ജോര്‍ജ് വയനാട്ടിലും പ്രചാരണത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ സ്ക്വാഡ് പാലക്കാട് മണ്ഡലത്തില്‍ ഭവന സന്ദര്‍ശനം നടത്തുന്നുണ്ട്.
പാലക്കാട്ട് മന്ത്രി വി.എൻ. വാസവനും
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവനു പാലക്കാട് മണ്ഡലത്തിലാണു ചുമതല. മണ്ഡലത്തിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനൊപ്പം പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമാണ് വാസവന്.
മന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ ഒഴിച്ച് ബാക്കി സമയം പാലക്കാട് കേന്ദ്രീകരിച്ചാണ് വാസവന്റെ പ്രവര്‍ത്തനം. സിപിഎം സംസ്ഥാന കമ്മിറ്റംയഗം കെ. അനില്‍കുമാറിനു പാലക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ട്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളിലും അനില്‍കുമാറിനു പങ്കെടുക്കണം. ജില്ല സെക്രട്ടേറിയേറ്റംഗം റെജി സഖറിയ ചേലക്കര മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കുന്നു.
സിപിഐ മത്സരിക്കുന്ന വയനാട്ടില്‍ ജില്ലയില്‍നിന്ന് പ്രത്യേക ചുമതലയില്ലെങ്കിലും ജില്ലാ സെക്രട്ടറി വി.ബി. ബിനുവും കിസാന്‍സഭ നേതാക്കളും മണ്ഡലത്തില്‍ പ്രചാരണത്തിനു പോകുന്നുണ്ട്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റ്യന്‍ എന്നിവര്‍ മൂന്നു മണ്ഡലത്തിലും പ്രചാരണത്തിനുണ്ടാകും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ചേലക്കര കേന്ദ്രീകരിച്ചും സ്റ്റീഫന്‍ ജോര്‍ജ്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, പ്രമോദ് നാരായണന് എന്നിവര്‍ പാലക്കാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു.
ജില്ലയിലെ ബിജെപി നേതാക്കളും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍, എന്‍. ഹരി, അഡ്വ. നാരായണന് നമ്പൂതിരി, ജയസൂര്യന്‍ എന്നിവരാണ് മണ്ഡലങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്.