ഭുവനേശ്വർ: ഫാർമസിസ്റ്റായ യുവാവും രണ്ട് കാമുകിമാരും അനസ്തേഷ്യ നൽകി ഭാര്യയെ കൊലപ്പെടുത്തി. ഭുവനേശ്വറിലാണ് സംഭവം. 24കാരനായ ഭർത്താവും കാമുകിമാരും പോലീസ് പിടിയിൽ
ഒക്ടോബർ 28 നാണ് സംഭവം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ദുരൂഹത തെളിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നീ രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പിനാക് മിശ്ര പറഞ്ഞു.
2020ലാണ് ശുഭശ്രീയെ പ്രദ്മുന്യ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി ശുഭശ്രീ മാതാപിതാക്കൾക്കൊപ്പം ഖുർദയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശുഭശ്രീയുമായുള്ള പ്രശ്നങ്ങൾക്കിടയിൽ പ്രദ്യുമ്ന കഴിഞ്ഞ വർഷം എജിതയെ കണ്ടുമുട്ടുകയും ഇവരുമായി അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഈ വർഷം മാർച്ചിൽ ഇയാൾ റോജിയുമായി അടുത്തു.
പിന്നീട് ഇവർ ശുഭശ്രീയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഒക്ടോബർ 27ന് ഉച്ചയ്ക്ക് രണ്ടോടെ പ്രദ്യുമൻ ഭാര്യയെ സാംപൂർ പ്രദേശത്തെ റോജിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെ വച്ച് ഇവർ ശുഭശ്രീക്ക് അനസ്തേഷ്യയ്ക്കുള്ള മയക്കുമരുന്ന് അമിതമായി നൽകി. ഇതേതുടർന്ന് ശുഭശ്രീ അബോധാവസ്ഥയിലായി.
പിന്നീട് ഒക്ടോബർ 28 ന് ശുഭശ്രീയെ ഇവർ ക്യാപിറ്റൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. തുടർന്ന് ഡോക്ടർമാരോട് ശുഭശ്രീ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി പ്രദ്യുമ്ന ഡോക്ടർമാരോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ശുഭശ്രീ മരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉയർന്ന അളവിലുള്ള അനസ്തേഷ്യയാണ് മരണകാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.