ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയോരക്കടയിൽനിന്നു മോമോസ് എന്ന പലഹാരം കഴിച്ച ഒരാൾ മരിക്കുകയും നിർവധിപ്പേർക്കു ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് തെലങ്കാനയിൽ മുട്ടയിൽനിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു.
ഒരു വർഷത്തേക്കാണു ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് ഉത്പാദനം, സംഭരണം, വില്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ മോമോസ് കഴിച്ച് 33കാരി രേഷ്മ ബീഗമാണു മരിച്ചത്.
ഇവരുടെ രണ്ടു മക്കളടക്കം 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മോമോസിലെ മയോണൈസിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തിയിയിരുന്നു.