ഭുവനേശ്വർ: ഒഡീഷയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിമാരും പിടിയിൽ. ഫാർമസിസ്റ്റായ 24കാരനും നഴ്സുമാരായ രണ്ടു കാമുകിമാരും ചേർന്ന് അനസ്തേഷ്യ നൽകിയാണു യുവതിയെ കൊലപ്പെടുത്തിയത്.
ഭുവനേശ്വറിലാണു സംഭവം. ഈമാസം 28നാണ് കൊലപാതകം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ദുരൂഹത മറ നീക്കിയത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
2020ലായിരുന്നു പ്രദ്മുന്യയുടെയും ശുഭശ്രീയുടെയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു.
ഇതിനിടെ പ്രദ്മുന്യ നഴ്സുമാരായ അജിതയും റോജിയുമായി അടുത്തു. പിന്നീട് ഇവർ ശുഭശ്രീയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 27ന് ഉച്ചയ്ക്ക് രണ്ടോടെ പ്രദ്മുന്യ ഭാര്യയെ സാംപുർ പ്രദേശത്തെ റോജിയുടെ വീട്ടിലേക്കു കൊണ്ടുവന്നു. അവിടെ വച്ച് ഇവർ ശുഭശ്രീക്ക് അനസ്തേഷ്യയ്ക്കുള്ള മയക്കുമരുന്ന് അമിതമായി നൽകി. ചികിത്സയ്ക്കിടെ ശുഭശ്രീ മരിച്ചു.