വിതുര: ലക്ഷങ്ങള്‍ ചെലവിട്ടു നിര്‍മിക്കുന്ന വിതുര മോഡല്‍ ഫിഷ് മാര്‍ക്കറ്റ് നിര്‍മാണം പാതി വഴിയില്‍. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നിര്‍മിക്കുന്ന വിതുര മാര്‍ക്കറ്റിന്റെ നിര്‍മാണമാണ് മൂന്നു വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്നത്. ജില്ലയിലെ മലയോര ചന്തകളില്‍ ഏറ്റവും പ്രധാനമയായിരുന്നു വിതുര പൊതു മാര്‍ക്കറ്റ് . പൊന്മുടി,കല്ലാര്‍,വാളേങ്കി മുതലുള്ള കാര്‍ഷിക ഉത്പന്നങ്ങളും, ബോണക്കാട്, മരുതാമല, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി ഉത്പാദിപ്പിച്ചിരുന്ന നാണ്യവിളകളും വിറ്റഴിക്കാന്‍ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത് വിതുര മാര്‍ക്കറ്റിനെ ആയിരുന്നു. ഫിഷറീസ് വകുപ്പ് ഒരു കോടി ആറു ലക്ഷം രൂപയ്ക്കാണ് ആധുനിക സംവിധാനങ്ങളൊടെ മാര്‍ക്കറ്റിനു രൂപം നടത്തിയത്.
പച്ചക്കറി ശേഖരിക്കുക, സംരക്ഷിക്കുക,സംസ്ഥാന ഏജന്‍സികള്‍ക്ക് ജൈവ പച്ചക്കറിവിപണനം ചെയ്യുക എന്നിവയെല്ലാമായിരുന്നു ആധുമനിക മാര്‍ക്കറ്റ് കൊണ്ടു ലക്ഷ്യമിട്ടിരുന്നത്.കൂടാതെ വിഷരഹിതമായ മത്സ്യം വന്‍തോതില്‍ എത്തിച്ച് ഇവിടെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ്, വിതരണം ചെയ്യുന്നതിനുള്ള ശീതീകരണ പെട്ടികള്‍, ശീതീകരണ മുറികള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി വിഭാവന ചെയ്തിരുന്നു. കശാപ്പു കടകള്‍ പൂര്‍ണമായും പുറത്തു കൊണ്ടുപോവുകയും മാംസം ആരോഗ്യകരമായ സംവിധാനത്തില്‍ വില്‍പ്പന നടത്തുകയും ചെയ്യുക എന്നതും ആധുനിക ചന്തയുടെ ലക്ഷ്യമായിരുന്നു. എന്നാല്‍ നിര്‍മാണം തുടങ്ങി വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല.
കച്ചവടക്കാര്‍ പെരുവഴിയിലായി. പൊന്മുടി സംസ്ഥാനപാതയിലാണ് ഇപ്പോള്‍ മത്സ്യക്കച്ചവടം. ഇതിന്റെ മാലിന്യങ്ങളെല്ലാം റോഡിലും ഓടയിലുമായൊഴുക്കി വിടുന്നു. സംസ്ഥാന പാതയായതിനാല്‍ നല്ല തിരക്കുള്ളപ്പോള്‍ ഇവടെ അപകടങ്ങളും വര്ധിച്ചുക്കുന്നതിനും ഇതു കാരണമായി. അറവുശാലകള്‍ ഇപ്പോഴും ചന്തയിലെ വൃത്തിഹീനമായ സ്ഥലത്തു പ്രവര്‍ത്തിക്കുന്നു. കശാപ്പും വില്‍പ്പനയുമെല്ലാം ഇവിടെത്തന്നെ. പച്ചക്കറി വില്‍പ്പനക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഇടമില്ലാതായി.
അതിനാല്‍ തോന്നിയസ്ഥലങ്ങളിലെല്ലാം പച്ചക്കറി വില്‍പ്പന പൊടിപൊടിക്കുന്നു. നാട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന നാണ്യവിളകളും, കാര്‍ഷിക വിളകളും വില്ക്കാന് ഇടമില്ലാതായതും പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുന്നത്. ചന്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനൊ, വിലയിരുത്താനോ ത്രിതല പഞ്ചായത്ത് അധികൃതര്‍ക്കും താല്പര്യമില്ല. ഇക്കണക്കിനു പോയാല്‍ ഏറെക്കഴിയുന്നതിനുമുമ്പ്ചന്തയിലുണ്ടായിരുന്ന മറ്റ് കച്ചവടങ്ങള്കൂടി റോഡിലേക്കു മാറ്റേണ്ടസ്ഥിതിയാണന്ന് കച്ചവടക്കാര്‍ പറയുന്നു.