തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അഞ്ച് കിലോ മീറ്റർ ദൂരം കാറിൽ സഞ്ചരിച്ചു വരുന്നതിനിടെ ചില ഗുണ്ടകൾ കാർ ആക്രമിച്ചു.ഒരു രാഷ്ട്രീയവുമില്ലാത്ത ഏതാനും ചെറുപ്പക്കാരാണ് അപ്പോൾ രക്ഷപ്പെടുത്തിയത്. ഓട മുറിച്ചുകടക്കാൻ സഹായിച്ചത് അവരാണ്.
അവിടെനിന്നാണ് ആംബുലൻസിൽ കയറിയത്. കാലിന് സുഖമില്ലാത്തത് കാരണം ജനങ്ങൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. 15 ദിവസത്തോളം കാൽ ഇഴച്ചാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞു മൊഴി നൽകിയ ആളുണ്ടല്ലോ. ആ മൊഴിയിൽ എന്താ പോലീസ് കേസ് എടുക്കാത്തത്.
പൂരം കലക്കൽ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാരിന് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തൃശൂരിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത് കരുവന്നൂർ വിഷയം കാരണമാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണം എടുത്തിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരപ്പറന്പിലെത്താൻ ആം ബുലൻസിൽ കയറിയില്ലെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. ആംബുലൻസിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ ഉണ്ടായിട്ടും അങ്ങനെ പറഞ്ഞത് വിവാദമായിരുന്നു.താൻ ആരുടെയും തന്തയ്ക്ക് വിളിച്ചിട്ടില്ലെന്നും വിളിക്കാൻ ഉദേശിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻബാബുവിന്റെ മരണത്തെ സംബന്ധിച്ച റിപ്പോർട്ടിന്മേൽ മന്ത്രിയുടെ പ്രതികരണം ഇല്ലേയെന്ന് ആരാഞ്ഞ സുരേഷ് ഗോപി കഴിഞ്ഞ പത്തു വർഷകാലത്തിനിടെ പെട്രോൾ പമ്പുകൾക്ക് നൽകിയ എൻഒസികൾ പരിശോധിക്കുമെന്നും പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.