പത്തനംതിട്ട: ഇലന്തൂരില്‍ വീടിനു തീ പിടിച്ചു. ഇലന്തൂര്‍ പുളിന്തിട്ട പുലിപ്രേത്ത വീടിനാണ് തീ പിടിച്ചത്. ഓടിട്ട പഴയ വീടാണിത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. പൂജാമുറിയിലെ നിലവിളക്കില്‍നിന്നു സമീപത്തു കിടന്ന തുണികളിലേക്ക് തീ പടരുകയായിരുന്നു. ആറ് മുറികളോടു കൂടിയ വീടിന്റെ പകുതി ഭാഗവും കത്തിനശിച്ചു.
ഇലന്തൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് വീട്. കുപ്രസിദ്ധമായ നരബലി നടന്ന വീടിന് എതിര്‍വശത്താണ് ഈ വീട്. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങളായ വിജയലക്ഷ്മി, പി.കെ. ഉഷ, പ്രിയ, ഒന്നാം ക്ലാസുകാരന് ശിവംകാര്ത്തിക് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കോ പൊള്ളലോ ഏല്ക്കാതെ ഇവര്‍ വേഗം വീടിനു പുറത്തിറങ്ങി രക്ഷപ്പെട്ടു.
പത്തനംതിട്ടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും വീട് ഭാഗികമായി കത്തി നശിച്ചു. ഫയര്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിനാണ് എത്തിയത്. വീട്ടിലെ ഒട്ടുമിക്ക സാധനസാമഗ്രികളും കത്തിനശിച്ചു.
തീപിടിച്ചു ഭാഗികമായി കത്തിനശിച്ച വീട്ടില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ശിവം കാര്‍ത്തിക്കിന്റെ പാഠപുസ്തകങ്ങളും ഉടുപ്പും കളിപ്പാട്ടങ്ങളുമടക്കം തീ വിഴുങ്ങി. വിങ്ങിപ്പൊട്ടി നിന്ന കുരുന്നിനെ ആശ്വസിപ്പിച്ച് അഗ്നിരക്ഷാ സേനാംഗങ്ങള്‍.
ശിവം കാര്‍ത്തിക് ആറന്മുള സുദര്‍ശനം സെന്‍ട്രല്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്. തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനംതിട്ടയില്‍ നിന്ന് അഗ്നിശമന സേന പാഞ്ഞെത്തി.
വീട് ഭാഗികമായി കത്തി നശിച്ചു. തീയണച്ചതിനു പിന്നാലെ തന്റെ കളിക്കോപ്പുകളും പുസ്തകങ്ങളും നഷ്ടമായ വിവരം ശിവം കാര്‍ത്തികിന് മനസിലായി. അവന് കരയാന്‍ തുടങ്ങി. ഇതോടെ ആശ്വാസ വചനങ്ങളുമായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ അടുത്തെത്തി.