ന്യൂഡൽഹി: ഡോക്ടർ സ്ത്രീധനമായി ചോദിച്ച തുക കേട്ട് വധുവിന്റെ വീട്ടുകാർ ഞെട്ടി! ചോദിച്ചത് എത്രയെന്നല്ലേ, 50 കോടി രൂപ! ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (എഐഎംഎസ്) ഒന്നാം റാങ്കോടെ പ്രവേശനം നേടിയ യുവഡോക്ടറാണ് കോടികൾ സ്ത്രീധനമായി ചോദിച്ചത്. ഡോ. ഫീനിക്സ് എന്ന യുവതിയാണ് തന്റെ സുഹൃത്തായ ഡോക്ടര്ക്കുണ്ടായ ദുരനുഭവം എക്സില്‍ പങ്കുവച്ചത്.
അനസ്തേഷ്യയില്‍ എംഡിയുള്ള ഡോക്ടർക്കാണ് ദുരനുഭവമുണ്ടായത്. 50 കോടി രൂപ മാതാപിതാക്കളുടെ മുഴുവന്‍ ജീവിതസമ്പാദ്യവും ഉള്‍ക്കൊള്ളുന്നതിനാല്‍ സുഹൃത്ത് മണിക്കൂറുകളോളം കരഞ്ഞുവെന്ന് ഫീനിക്സ് പറഞ്ഞു. ഒരു ഡോക്ടര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാന് കഴിവില്ലെങ്കില്‍ അയാള്‍ക്ക് ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണമാണു ലഭിക്കുക എന്ന് ഡോ. ഫീനിക്സ് കുറിപ്പിൽ ചോദിക്കുന്നു. ഡോക്ടറുടെ കുറിപ്പ് വന്നശേഷം സമാന അനുഭവങ്ങളുടെ പ്രവാഹമാണ് എക്സില്‍.