തൃശൂർ: തന്നെ പുറത്താക്കിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണു താൻ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്ക്കാന് തീരുമാനിച്ചതെന്നും ബിജെപി മുൻ ജില്ലാ ഒാഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. സാന്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സതീഷ്.
ഇത്തവണയും താൻ പാർട്ടി മെന്പർഷിപ്പ് പുതുക്കിയെന്നും സതീഷ് വ്യക്തമാക്കി. മുളങ്കുന്നത്തുകാവ് കോക്കുളങ്ങരയില് താൻ പണിത വീടിനു കട ബാധ്യതയുള്ളതിനാൽ മറ്റൊരു പണിക്കുവേണ്ടി ഒരു മാസത്തെ ലീവിനു പോവുകയായിരുന്നു.
അല്ലാതെ എന്നെയാരും ബിജെപിയിൽനിന്ന് പുറത്താക്കിയതല്ല. എനിക്ക് ആരെങ്കിലും പണം തന്നിട്ടാണു കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലെങ്കിൽ, എന്റെ വീടിന്റെ ജപ്തി വേണ്ടിവരില്ലെന്നും മൊഴി മാറ്റിപ്പറയാന്‍ താൻ ആരുടെയും കൈയിലനിന്നു പണം വാങ്ങിയിട്ടില്ലെന്നും സതീഷ് പറഞ്ഞു.
സിപിഎം നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്ത് സതീഷ് കോക്കുളങ്ങറയിൽ പണിത വീട് ജപ്തി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. 19 ലക്ഷം രൂപയാണു വീടുപണിക്കായി വായ്പ യെടുത്തത്. അതിപ്പോൾ 21 ലക്ഷം രൂപ വരെയായി. പലതവണ ബാങ്കുകാര് ജപ്തിക്കായി വന്നിരുന്നുവെന്നും സതീഷ് പറഞ്ഞു.