സേലം: വീട്ടുജോലിക്കുനിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ.
ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളായ അവിനേഷ് സാഹുവും (41) ഭാര്യ അശ്വിൻ പട്ടേലും (37) ആണ് പിടിയിലായത്. ബംഗളൂരുവിൽ നടത്തിയ കൊലപാതകത്തിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി സേലം ശങ്കരിക്കടുത്തെ പാലത്തിനടിയിലാണ് ഉപേക്ഷിച്ചത്.
സെപ്റ്റംബർ 29ന് സംശയകരമായ നിലയിൽ സ്യൂട്ട് കേസ് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. സ്യൂട്ട്കേസിലെ ബാർകോഡ് പരിശോധിച്ചപ്പോൾ ബംഗളൂരുവിലെ ഒരു കടയിൽ നിന്ന് സെപ്റ്റംബർ 27ന് ഒരു പുരുഷൻ വാങ്ങിയതാണെന്ന് അറിഞ്ഞു.
ഹൊസൂർ മുതൽ ശങ്കരി വരെയുളള ടോൾ ഗേറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 28ന് ശങ്കരി പാലം കടന്നുപോകാത്ത ഏക കാർ ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരായ ഒഡീഷ സ്വദേശികളുടേതാണെന്നു വ്യക്തമായി.
ഒഡീഷയിലെ ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് മുന്നിൽ അവിനേഷ് സാഹുവും അശ്വിൻ പട്ടേലും കുറ്റസമ്മതം നടത്തി. രാജസഥാൻ സ്വദേശിയായ 15കാരി സുമൈനയാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ അഞ്ചു വയസുകാരനായ മകന്റെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ ദമ്പതികൾ നിർത്തിയതായിരുന്നു പെൺകുട്ടിയെ.
കുഞ്ഞിന് നൽകേണ്ട ഭക്ഷണം എടുത്ത് കഴിച്ചതിന്റെ ദേഷ്യത്തിൽ മരക്കഷണം കൊണ്ട് സുമൈനയുടെ തലയ്ക്ക് അമ്മ അശ്വിൻ അടിക്കുകയായിരുന്നുവെന്നാണു മൊഴി. പെൺകുട്ടി മരിച്ചെന്നു കണ്ടതോടെ പരിഭ്രാന്തയായ യുവതി, ഭർത്താവിനെ വിളിച്ചുവരുത്തി. പുതിയ സ്യൂട്ട്കേസ് വാങ്ങി മൃതദേഹം അതിനുള്ളിലാക്കി സേലത്ത് ഉപേക്ഷിച്ചശേഷം ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.