തിരുവനന്തപുരം: ജനങ്ങളുടെ സേവകർ ആകേണ്ട പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ജനങ്ങളുടെ മേൽ യജമാനന്മാരെന്ന വിധത്തിൽ പെരുമാറുന്നുവെന്നും ഇത് സേനയ്ക്കു കളങ്കവും അപമാനവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ സേനയിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളപ്പിറവി ദിനവും കേരള പോലീസ് രൂപീകരണ ദിന പരിപാടിയും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണ പരിപാടിയും പേരൂർക്കട എസ് എ പി ക്യാമ്പ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സേനയെ കളങ്കപ്പെടുത്തുന്നവർക്ക് സേനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയിൽ വേണ്ടെന്നാണ് സർക്കാർ നിലപാട്. പിരിച്ചുവിടൽ നടപടികൾ ഇനിയും തുടരും. കുറ്റവാളികളായ ആരെയും പൊലീസിൽ തുടരാൻ അനുവദിക്കില്ല- മുഖ്യമന്ത്രി പറഞ്ഞു,
കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായി. ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പോലീസ് സ്റ്റേഷനുകൾ മാറി. കുറ്റവാളികൾക്കെതിരേ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെവരെ പോലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പോലീസ് നല്ല പ്രചരണം നടത്തുന്നുണ്ട്. പോലീസിന്റെ പോർട്ടലിൽ 31,107 പരാതികളാണ് സെപ്റ്റംബർ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37,807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.മികച്ച സേവനം കാഴ്ച വച്ച ഇരുനൂറ്റിഅറുപതോളം പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ സമ്മാനിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിന് മെഡൽ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തെ തുടർന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രി മെഡൽ നൽകിയില്ല. പോലീസ് മെഡലിന് അർഹരായ ഉദ്യോഗസ്ഥർ എന്തെങ്കിലും വിവാദങ്ങളിൽ ഉൾപ്പെട്ടാൽ അവർക്ക് മെഡൽ നൽകില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.