വിഴിഞ്ഞം: കേരളപ്പിറവി ദിനത്തെ ധന്യമാക്കാൻ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി(എംഎസ്സി)യുടെ കൂറ്റൻ മദർഷിപ്പ് വിവിയാനാ എത്തുന്നു. സിംഗപ്പൂരിൽ നിന്ന് നിറയെ കണ്ടെയ്നറുകളുമായി ഇന്ന് രാത്രിയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തടുക്കും.
ഇന്ന് പുലർച്ചെയോടെ ഉൾക്കടലിൽ എത്തിയ കപ്പലിനെ അദാനിയുടെ വക ടഗ്ഗുകളുടെ സഹായത്തോടെയാകും വാർഫിൽ അടുപ്പിക്കുക. അതിനുള്ള തയ്യാറെടുപ്പുകളും അധികൃതർ തുടങ്ങി.സുരക്ഷയൊരുക്കാൻ തീരദേശ പോലീസിന്റെ പട്രോളിംഗുമുണ്ടാകും.
ക്ലൗഡ്ഗിരാഡറ്റ്, അന്ന എന്നിവക്കു ശേഷം എത്തുന്ന എംഎസ്സിയുടെ മദർഷിപ്പിന് 400 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ എത്തിയ 38 ചരക്ക് കപ്പലുകളിൽ മുപ്പതും എംഎസ്സി കമ്പനിയുടെ വകയായിരുന്നു.
മുക്കാൽ ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതിനോടകം കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളെയും പിന്തള്ളിയുള്ള മുന്നേറ്റം തുടരുന്നതായി അധികൃതർ പറയുന്നു.
ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയ തുറമുഖത്തിന്റെ കമ്മിഷനിംഗ് ഉടൻ ഉണ്ടാകുമെന്നും അറിയുന്നു. അതോടെ കൂടുതൽ ഏജൻസികളുടെ ചരക്ക് കപ്പലുകളും വിഴിഞ്ഞം തുറമുഖത്തടുക്കും.