കട്ടപ്പന: ഇടുക്കിയിലെ ഭൂമി, സിഎച്ച്ആർ കേസുകളിൽ കേരളം ഇതുവരെ തുടർന്നിട്ടുള്ള നിസംഗത തുടർന്നാൽ കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമത്തിന്റെ പരിരക്ഷയും ഇടുക്കിക്കു നഷ്ടമാകും. സിഎച്ച്ആർ കേസിൽ 2007ൽ കേരളം നൽകിയ സത്യവാങ്മൂലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കേരളം വരുത്തിയ നിസംഗതയാണ് കഴിഞ്ഞ 24നു സിഎച്ച്ആറിൽ പട്ടയം നൽകുന്നതു വിലക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു കാരണം.
2007ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ കേരളം പിന്നീട് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. പിന്നീട് 2023ലാണ് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കേരള റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ് മൂലം നൽകിയത്. പിന്നീട് കഴിഞ്ഞ 23ന് ചീഫ് സെക്രട്ടറിയും സത്യവാങ്മൂലം നൽകി.
കേസ് ഡിസംബറിൽ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വാക്കാൽ പറഞ്ഞിരിക്കുന്നത്. 1964ലെ ഭൂപതിവു കേസുമായി ബന്ധപ്പെട്ട കാര്യത്തിലും കേരള സർക്കാർ മെല്ലപ്പോക്കു തന്നയാണ് നടത്തിയത്. അതിനാലാണ് ജില്ലയിൽ നിർമാണ നിരോധം ഉണ്ടായത്. സിഎച്ച്ആർ കേസിൽ സുപ്രീം കോടതിയുടെ അന്തിമവിധിയിൽ സിഎച്ച്ആർ വനമാണെന്ന് ഉത്തരവുണ്ടായാൽ പിന്നീടുള്ള അവസാന പിടിവള്ളി 2023ലെ കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമം മാത്രമാണ്. രാജ്യത്തെ വനഭൂമികൾ സംബന്ധിച്ച് റിപ്പോർട്ടു സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
വനസംരക്ഷണ ഭേദഗതി നിയമം-2023നെതിരേ രാജ്യത്തെ 13 റിട്ടയേർഡ് ഇന്ത്യൻ ഫോറസ്റ്റു സർവീസ് ഉദ്യോഗസ്ഥർ നല്കിയ റിട്ട് ഹർജി പരിഗണിച്ചാണ് വനം സംബന്ധിച്ച റിപ്പോർട്ടുകൾ നൽകാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാർ ഡിഎഫ്ഒ ആയിരുന്ന ഉദ്യോഗസ്ഥ കൂടി ഉൾപ്പെട്ടവരാണ് ഹർജിക്കാർ.
കേരളം, വനം സംബന്ധിച്ച റിപ്പോർട്ടു നൽകാൻ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ അടുത്ത മേയ് 31നകം റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നൽകണം. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ചെയർമാനായ സമിതിയിൽ അഡീഷണൽ പ്രിൻപ്പൽ ഫോറസ്റ്റ് കണ്‍സർവേറ്റർ, വനം റിസേർച്ച് ഡയറക്ടർ, ലാന്റ് റവന്യു കമ്മീഷ്ണർ, സർവേ ഡയറക്ടർ, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. രാഷ്ട്രീയ ഇടപെടൽ ഉണ്ടായില്ലെങ്കിൽ, ഇവരുടെ റിപ്പോർട്ട് കർഷകർക്ക് അനുകൂലമാകാനുള്ള സാധ്യത വളരെ അകലെയാണ്.