പത്തനംതിട്ട: ഡിവൈഎഫ്ഐ നേതാവിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ലഹരിമരുന്ന് കേസ് പ്രതികൾ. ആഘോഷ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. അന്വേഷണം ആരംഭിച്ച് പോലീസ്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടേറിയറ്റംഗവുമായ റിയാസ് റഫീക്കിന്റെ ജന്മദിനാഘോഷത്തിലാണ് ലഹരിമരുന്ന് കേസ് പ്രതികൾ പങ്കെടുത്തത്.
പത്തനംതിട്ട പറക്കോട് കഴിഞ്ഞ ദിവസം രാത്രി സംഘടിപ്പിച്ച ആഘോഷത്തിൽ സിപിഎം – എസ്എഫ്ഐ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്.നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തതാണ് വിവാദമായത്.
ഇവരോടൊപ്പം കേക്കു മുറിച്ചും പടക്കം പൊട്ടിച്ചും ഡിവൈഎഫ്എഫ് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു. ഏതായാലും പോലീസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കി.