പരവൂർ: പരവൂരിൽ എംഡിഎംഎയുമായി പിടിയിലായ സീരിയ നടി ഷംനത്ത് എന്ന പാർവതിയുടെ കൂട്ടാളിയും അറസ്റ്റിലായി. കടയ്ക്കൽ ഐരക്കുഴി മങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസി(35) നെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് ഒന്നര ഗ്രാം രാസലഹരിയുമായി ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഷംനത്തിനെ ചോദ്യം ചെയ്തതിൽനിന്നുമാണ് കടയ്ക്കൽ സ്വദേശി നവാസാണ് ലഹരിക്കച്ചവടം നടത്തിവരുന്നതെന്ന് കണ്ടെത്തിയത്.
നടി അറസ്റ്റിലായതിനെ തുടർന്ന് ഒളിവിൽ പോയ നവാസ് കടയ്ക്കൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നവാസിനെ ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് ഒന്നാം പ്രതിയായ ഷംനത്തിന് ലഹരി കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. വർക്കല ബീച്ചിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്.
മയക്കു മരുന്നിന് അടിമയായ നടി അതു വാങ്ങാനായി സ്ഥിരമായി വർക്കല എത്തുന്നുണ്ട്. നവാസും ലഹരി വ്യാപാരത്തിനായിട്ടാണ് വർക്കല എത്തുന്നത്. ലഹരിയുടെ കച്ചവടത്തിലൂടെ സൗഹൃദത്തിലായ പ്രതികൾ സുഹൃത്ത് ബന്ധം ദൃഢമായതോടേ രണ്ടാം പ്രതിയുടെ നാട്ടിലെത്തി എംഡിഎംഎ വാങ്ങാൻ തുടങ്ങി. അങ്ങനെ ലഹരിയും വാങ്ങി ഷംനത്ത് തിരികെ വരുന്നതിനിടയിലാണ് ഇവർ പൊലീസ് പിടിയിലാകുന്നത്.
തെക്കൻ കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണ് നവാസ്. ഇയാൾക്കെതിരേ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. കാപ്പനിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.