ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയ മഹാമാരിയാണ് കോവിഡ്. അതിനു പിന്നാലെയാണ് ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോമുമെല്ലാം വളരെ പ്രചാരത്തിലായത്. കോവിഡ് കാലം കഴിഞ്ഞിട്ടും ചില കന്പനികൾ ആ രീതി ഇന്നും തുടരുന്നു. ഓഫീസിലെത്തി ജോലി ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് വർക്ക് ഫ്രം ഹോം എന്നത് നല്ലൊരു ഓപ്ഷനായി മാറി.
എന്നാൽ ഇപ്പോൾ കന്പനികളിൽ പലരും തൊഴിലാളികളോട് നേരിട്ട് ജോലിക്ക് ഹാജരാകാൻ നിർബന്ധിക്കുകയാണ്. ഇതവരുടെ ഒരു തന്ത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണ് ഇത്തരം കമ്പനികളുടെ മനോഭാവം.
ഇപ്പോഴിതാ ഭിന്നശേഷിക്കാരനായ യുവാവ് അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും തന്നോട് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്.