കാലമെത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് ഒരു മാറ്റവുമില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൽക്കത്തയിലെ ഒരു ജൂണിയർ വനിതാ ഡോക്ടർ ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്കർ റൈഡ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ബൈക്ക് റൈഡർ എത്താൻ വൈകുമെന്നറിയിച്ചതോടെ അവർ കാൻസൽ ചെയ്തു. പിന്നീട് മറ്റൊരു വണ്ടി വിളിച്ച് അതിൽ പോകേണ്ടി വന്നു.
പക്ഷേ ആപ്പ്കാർ കാരണം യുവതി ആപ്പിലായെന്ന് പറയാം. റൈഡ് കാൻസൽ ചെയ്തതിനു പിറ്റേ നിമിഷംതന്നെ ഇവർ യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. ശല്യം സഹിക്കാൻ വയ്യാതായതോടെ യുവതി പോലീസിൽ പരാതി നൽകി. പിന്നീട്, ഈ ബൈക്ക് റൈഡറെ പോലീസ് അറസ്റ്റ് ചെയ്തു.
മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് എന്ന 41 -കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് യുവതി റൈഡ് ബുക്ക് ചെയ്തത്. എന്നാൽ, പിന്നീട് റൈഡർ വൈകും എന്ന് അറിഞ്ഞു. യുവതിയുടേത് അടിയന്തിര സാഹചര്യം ആയതുകൊണ്ട് അത് കാൻസൽ ചെയ്ത് മറ്റൊരു വണ്ടിക്ക് പോകേണ്ടി വന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത് എന്ന് പോലീസ് അറിയിച്ചു.