നടിയെന്നതിനൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമാണ് ശ്രിന്ദ. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുള്ള അനുഭവം ശ്രിന്ദയ്ക്കുണ്ട്. വേഷം എത്ര ചെറുതാണെങ്കിലും ശ്രിന്ദ ചെയ്താൽ അത് പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും. ചെറുതാണെന്നതിന്റെ പേരിൽ ഒരു കഥാപാത്രവും വേണ്ടെന്നു വച്ചിട്ടുമില്ല നടി.
അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയാണ് ശ്രിന്ദയുടെ ഏറ്റവും പുതിയ റിലീസ്. രമയായുള്ള ശ്രിന്ദയുടെ പ്രകടനവും ആക്ഷൻ സീനുകളുമെല്ലാം തിയേറ്ററിൽ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം വിജയകാരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും പുതിയ അഭിമുഖത്തിൽ പങ്കുവച്ചു.
അമൽ നീരദ് സിനിമകളിൽ എപ്പോഴും ഒരു കഥാപാത്രം ശ്രിന്ദയ്ക്കു ലഭിക്കാറുണ്ട്. കിട്ടിയതെല്ലാം നടി മനോഹരമാക്കിയിട്ടേയുള്ളു. ജ്യോതിർമയി തനിക്ക് ശരിക്കും ചേച്ചി തന്നെയാണെന്നും ആ റാപ്പോ ബോഗെയ്ൻവില്ലയിൽ അഭിനയിച്ചപ്പോഴും വർക്കായതായി തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രിന്ദ സംസാരിച്ച് തുടങ്ങിയത്.
സ്കൂളിലും കോളജിലും പഠിച്ചപ്പോൾ ഞാൻ പലതവണ ഡാൻസ് കളിച്ചിട്ടുണ്ട്. നേരത്തെ സിനിമയിൽ ഐറ്റം ഡാന്സ് കളിച്ചാൽ കൊള്ളമെന്നൊക്കെ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും വരികയാണെങ്കിൽ ചെയ്യണം. ഡാൻസെന്ന് മാത്രമല്ല അത്തരത്തിൽ എക്സൈറ്റ് ചെയ്യിക്കുന്ന എന്തെങ്കിലും ഓപ്പർച്യൂനിറ്റി വരുമ്പോഴാണല്ലോ നമ്മുടെ ലിമിറ്റ് നമ്മൾ പുഷ് ചെയ്യുകയും ട്രൈ ചെയ്യുകയും ചെയ്യുക.
അതുകൊണ്ട് തന്നെ അങ്ങനെ എന്തെങ്കിലും വന്നാൽ ട്രൈ ചെയ്യണമെന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകൾ, 101 വെഡ്ഡിംഗ് തുടങ്ങിയ സിനിമകളിൽ ചാക്കോച്ചനൊപ്പം ഞാൻ ഇതിന് മുമ്പ് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബോഗെയ്ൻവില്ലയിലാണ് അദ്ദേഹത്തോടൊപ്പമുള്ള സീനുകൾ കൂടുതൽ.
സിനിമയിലെ ആ ആക്ഷൻ സീനിൽ എനിക്കെന്ന് മാത്രമല്ല ആർക്കും തന്നെ ഡ്യൂപ്പുണ്ടായിരുന്നില്ല. ഞങ്ങൾ തന്നെയാണ് ചെയ്തത്. മീൻ വെട്ടൽ, ടു വീലർ ഡ്രൈവ് ചെയ്യാൻ എല്ലാം ഞാൻ പഠിച്ചത് സിനിമയിൽ വന്നശേഷമാണ്. ബോഗെയ്ൻവില്ലയിലെ ഒരു സീനിന് വേണ്ടി നീന്തലും ഞാൻ പഠിച്ചിരുന്നു.
നിവിൻ പോളി നല്ലൊരു കോസ്റ്റാറാണ്. ഒപ്പം വർക്ക് ചെയ്യാൻ രസകമാണ്. ഇടയ്ക്കു വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന നല്ല സുഹൃത്താണ്. നല്ല ജോളിയാണ് നിവിൻ.
സൗഹൃദങ്ങൾ ലൈവായി വയ്ക്കുന്നയാളുമാണ് അദ്ദേഹം. അവസരങ്ങൾ ചോദിക്കാറുണ്ടോയെന്ന ചോദ്യത്തോട് നടി പ്രതികരിച്ചത് ഇങ്ങനെ. സിനിമയിൽ ചാൻസ് ചോദിക്കുന്നത് നല്ല ക്വാളിറ്റിയാണ്. പക്ഷെ എനിക്കത് കുറവാണ്. എനിക്ക് ഇതുവരെ വന്നിട്ടുള്ളതെല്ലാം ഇങ്ങോട്ട് വന്നിട്ടുള്ള അവസരങ്ങളാണ്- ശ്രിന്ദ പറഞ്ഞു.