തലയോലപ്പറമ്പ്: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്ന ഭര്‍ത്താവ് നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മറവന്തുരുത്തിയിലുണ്ടായ സംഭവത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം ശക്തമായ മഴയുണ്ടായിരുന്നതിനാൽ സമീപവാസികളാരും സംഭവം അറിഞ്ഞില്ല. പോലീസ് എത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്. കൊല്ലപ്പെട്ട ശിവപ്രിയയും നാലു വയസുള്ള കുഞ്ഞും ഭാര്യാമാതാവ് ഗീതയുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ഗീതയുടെ മകൻ അപകടത്തിൽ മരണപ്പെട്ടതിനെത്തുടർന്ന് ശിവപ്രിയയുടെ ഭർത്താവായ നിധീഷാണ് വീടു നിർമിക്കുന്നതിനു നേതൃത്വം നൽകിയത്. ശിവപ്രിയ ഒരു കടയിൽ ജോലിക്കുപോയിരുന്നു.
കുറച്ചുകാലമായി കുഞ്ഞിനെ കാണാൻ വരുന്നതൊഴിച്ചാൽ ഭാര്യ വീടുമായി നിധീഷിനു കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു. ഭാര്യയുമായുള്ള സ്വരചേർച്ച ഇല്ലായ്മയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്.
വൈകുന്നേരം വീട്ടിലെത്തിയ നിധീഷ് ഭാര്യാമാതാവുമായി കലഹത്തിലേർപ്പെട്ട് കൊലനടത്തിയതായാണ് പോലീസിന്റെ നിഗമനം.കടയിൽ ജോലിക്കു പോയ ശിവപ്രിയ വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്.
വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്,സിഐ വിപിനചന്ദ്രൻ, എസ്ഐ സുധീരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു. ഇന്നുരാവിലെ ഫോറൻസിക് സംഘം പരിശോധനയ്ക്കെത്തും.