‘വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കാറുണ്ട്’ എന്നല്ലേ പറയപ്പെടുന്നത്. ക്ഷേത്രങ്ങളിൽ നിന്നു കിട്ടുന്ന തീർഥവും പള്ളികളിലെ എണ്ണയുമെല്ലാം വിശ്വാസത്തോടെയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം ഭക്തരുടെ വിശ്വാസ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അതിൽ വിശ്വാസങ്ങളുടെ മറവിൽ കാട്ടുന്ന കള്ളത്തരങ്ങളെും കാണാൻ സാധിക്കും. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ഒരു ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തിയ ഭക്തർ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില് നിന്നും ഇറ്റുവീഴുന്ന ജലം കുടിക്കുന്നതാണ് വീഡിയോ.
ശ്രീകൃഷ്ണന്റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതിയാണ് ആളുകൾ കുടിക്കുന്നത്. ചിലരാകട്ടെ ഗ്ലാസിൽ അവ ശേഖരിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കും.
ഇത് എസിയിൽ നിന്നുള്ള വെള്ളമാണെന്നാണ് പറയുന്നത്. തീർഥ ജലം അല്ലന്നും എസിൽ നിന്നും താഴെ വീഴുന്ന വെള്ളം ആണെന്നും ബോധ്യപ്പെട്ടതോടെ വീഡിയോ എടുക്കുന്ന വ്യക്തി മറ്റുള്ളവരോട് ഇത് കുടിക്കരുതെന്ന് പറയുന്നു. ആളുകളോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടും വീണ്ടും തീർഥ ജലം ആണെന്ന് പറഞ്ഞ് കുടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.