വാഷിംഗ്ടൺ ഡിസി: ലോകജനത ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. പ്രാദേശിക സമയം ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് എട്ടുവരെയാണ് പോളിംഗ് (ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ).
വോട്ടെടുപ്പ് അവസാനിക്കും മുന്‍പേ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. നാളെ രാവിലെയോടെ വിജയിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. അമേരിക്കയുടെ നാൽപത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസും പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഏറ്റുമുട്ടുന്നു. ഏതാണ്ട് ഒരു വര്‍ഷമായി നടന്നുവരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ലാപ്പിലെത്തുമ്പോള്‍ ഫലം പ്രവചനാതീതം. പ്രചാരണത്തിൽ ഇരുവരും ഇഞ്ചോടിച്ചു പോരാട്ടം നടത്തിയതായി അഭിപ്രായ സർവേകൾ പറയുന്നു.
സർവേകളുടെ ശരാശരി എടുത്താൽ ട്രംപിനും കമലയ്ക്കും 50 ശതമാനത്തിനു മുകളിൽ പിന്തുണയില്ല. ട്രംപിന് 46.9 ശതമാനമാണ് പിന്തുണ; കമലയ്ക്കുള്ള പിന്തുണ 47.9 ശതമാനം. 538 ഇലക്ടറല്‍ വോട്ടില്‍ 270 വോട്ട് നേടുന്നയാള്‍ വൈറ്റ് ഹൗസിലെത്തും. കമല ജയിച്ചാൽ അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ വനിത, ഏഷ്യൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കും. ഡോണള്‍ഡ് ട്രംപിന് പ്രസിഡന്റ് പദത്തിലേക്കുള്ള അവസാന അവസരമാണ്.
മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യം ഏതാണ്ട് എട്ടു കോടിയിലധികം പേര് ഉപയോഗപ്പെടുത്തി. ഒന്‍പത് സംസ്ഥാനങ്ങളില്‍ പകുതിയിലധികം പേര് വോട്ട് ചെയ്തു. മൊത്തം 24 കോടി വോട്ടര്‍മാരാണുള്ളത്. മുൻകൂർ വോട്ട് ചെയ്തവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ കമലയ്ക്ക് ലീഡുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ മുൻകൂർ വോട്ട് ചെയ്യുന്നവരാണ്.
ഡെമോക്രാറ്റുകൾ പൗരാവകാശങ്ങൾക്കും സാമൂഹ്യസുരക്ഷയ്ക്കും ഉന്നൽ നല്കുന്ന ലിബറൽ പാർട്ടിക്കാരാണ്. നികുതി വെട്ടിക്കുറയ്ക്കുക, സർക്കാരിന്റെ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുക, കുടിയേറ്റം തടയുക, ഗർഭച്ഛിദ്രം വിലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വാദിക്കുന്ന യാഥാസ്ഥിതികരാണ് റിപ്പബ്ലിക്കന്മാർ. ട്രംപ് വീണ്ടും അധികാരത്തിലേറിയാൻ അമേരിക്ക അരാജകത്വത്തിലേക്കു നിപതിക്കുമെന്നും ഡെമോക്രാറ്റുകൾ പറയുന്നു. താൻ ജയിച്ചില്ലെങ്കിൽ അമേരിക്കയ്ക്കു നാശമെന്നൊക്കെയാണ് ട്രംപ് പറയുന്നത്.