അയ്യോ, കണ്ണൂര്‍ക്കാരന്‍…നവമാധ്യമങ്ങളില്‍ വൈറലാകുന്നു

FB-AIYO-KANNUR
ആലക്കോട്: അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തി കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങുവാഴുമ്പോള്‍ 1999 ല്‍ പ്രസിദ്ധീകരിച്ച എ.ആര്‍ പ്രസാദ് മാസ്റ്ററുടെ ചെറുകഥയായ അയ്യോ കണ്ണൂര്‍ക്കാരന്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒറ്റത്തൈ ഗവ.യു.പി സ്കൂള്‍ അധ്യാപകനായ ആലക്കോട് സ്വദേശി കണ്ണന്താനത്ത് പ്രസാദ് മാസ്റ്റര്‍ ആനുകാലിക രാഷ്്ട്രീയ സാഹചര്യത്തിലാണ് ഇത്തരം ഒരു കഥ രചിച്ചത്.

യാതൊരു രാഷ്ട്രീയവുമില്ലാത്ത കണ്ണൂര്‍ സ്വദേശിയായ രാഘവന്‍ നമ്പ്യാര്‍ ഹൗസിംഗ് ലോണിന് അപേക്ഷിച്ചതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. സെക്രട്ടറിയേറ്റിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയില്‍ കയറി ചാര്‍ജ് കൊടുക്കുമ്പോള്‍ കണ്ണൂര് ഇത്രയും തുക ഇല്ലായെന്ന് പറയുമ്പോള്‍ കണ്ണൂര്‍ക്കാരന്‍ എന്ന് കേട്ട് ഞെട്ടുന്ന ഓട്ടോ ഡ്രൈവര്‍ കാശ് വേണ്ടാ എന്നുവരെ പറയുന്നു. തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ എത്തിയ നമ്പ്യാര്‍ സെക്ഷന്‍ ക്ലര്‍ക്കിന് മുന്നിലും യാദൃശ്ചികമായി കണ്ണൂര്‍ക്കാരന്‍ എന്ന് പറയുന്നു.

അതു വരെ നമ്പ്യാരെ പരിഗണിക്കാതെ ഇരുന്ന ക്ലര്‍ക്ക് ഉടന്‍ തന്നെ ഭവ്യതയോടെ നമ്പ്യാരുടെ കാര്യം ഉടന്‍ തന്നെ നടപ്പാക്കി കൊടുക്കുകയും ഇനി ആവശ്യമുണ്ടേല്‍ വരണമെന്നില്ല ഒരു കത്ത് അയച്ചാ മതി എന്നും പറയുന്നു. കണ്ണൂരുകാരോട് എന്താ ഇത്ര സ്‌നേഹം എന്ന് ആലോചിച്ച നമ്പ്യാര്‍ക്ക് പിന്നെ ആണ് കാര്യം മനസിലായത്. തലേദിവസം കഴിക്കാനായി സഞ്ചിയില്‍ വാങ്ങിയിട്ട ആപ്പിള്‍ ഇപ്പോഴും ബാഗില്‍ മുഴച്ച് നില്‍ക്കുന്നു.   കണ്ണൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ബോംബിന്റെ വലിപ്പത്തില്‍. പിന്നെ ‘ ആരും കണ്ണൂര്‍ക്കാരെ ഒന്ന് പേടിക്കില്ലേ എന്ന ചിന്തയോടെ കഥ അവസാനിക്കുന്നു.

കണ്ണൂരിന്റെ ഇന്നത്തെ അവസ്ഥയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഥയില്‍ പ്രസാദ് മാസ്റ്റര്‍ പറഞ്ഞു വയ്ക്കുന്നത്. അക്രമ രാഷ്ട്രീയവും കൊലപാതകവും പെരുകുന്ന ആനുകാലിക സാഹചര്യത്തില്‍ പ്രസാദ് മാസ്റ്ററുടെ ചെറുകഥ സോഷ്യല്‍ മീഡിയകളിലും തരംഗമാകുകയാണ്. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രസാദ് മാസ്റ്റര്‍ സ്ത്രീ സമത്വവാദിയുടെ ധര്‍മ്മസങ്കടങ്ങള്‍, കിരീടങ്ങള്‍, വിദ്യാധനം സര്‍വാധനാല്‍ , ഭാഷാപിതാവേ പൊറുക്കണേ തുടങ്ങി നിരവധി കഥകള്‍ രചിച്ചിട്ടുണ്ട്.  കണ്ണൂര്‍ എന്ന് കേട്ടാല്‍ പൊതു ജനം ഞെട്ടുന്ന കാലത്ത് ചെറുകഥ അര്‍ഥവത്തായി മാറിയിരിക്കുകയാണ്.

Related posts