കാട്ടാക്കട: അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം വഴിയിൽ കിടന്ന യുവാവ് മരിച്ചു. പെരുങ്കടവിള സ്വദേശി വിവേകാണ് മരിച്ചത്. 23 വയസായിരുന്നു. ഞായറാഴ്ച രാത്രി മാറനല്ലൂർ പോങ്ങുംമൂട് മലവിള പാലത്തിൽ വച്ചാണ് അപകടം നടന്നത്.
പോസ്റ്റിലിടിച്ച ബൈക്കിൽനിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയാറായില്ല. മാറനല്ലൂർ പോലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി തന്നെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സമീപത്തെ സിസിടിവി ദ്യശ്യങ്ങളാണ് തുമ്പായി മാറിയത്. അപകടം നടന്ന സമയവും രക്ഷിക്കാൻ എത്തിയവർ വന്ന സമയവും അതിൽ വ്യക്തമാണ്. പോലീസ് അന്വേഷണം വ്യാപിപിച്ചു.