തൃശൂർ: ഷാഫി പറന്പിൽ അടുത്ത തവണ മന്ത്രിയാകാൻ ഒരുങ്ങിയിരിക്കുകയാണെന്നും ഷാഫി വർഗീയത കളിക്കുന്നയാളാണെന്നും പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാഫി വീണ്ടും ശ്രമിക്കുമെന്നും രാഹുൽ ഷാഫിക്കുവേണ്ടി പാലക്കാട് മാറിക്കൊടുക്കാമെന്ന് കരുതുന്നുണ്ടോയെന്നും പത്മജ ചോദിച്ചു.
എത്ര സഹായിച്ചാലും കാലുവാരുന്നതിൽ മടിയില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും പത്മജ പറഞ്ഞു. വളർത്തിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് പാരന്പര്യം.
ഹൈക്കമാന്റിന് ഒരു രീതി സാധാരണക്കാരന് മറ്റൊരു രീതി എന്നതാണ് കോണ്‍ഗ്രസിലെ കാര്യം. ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്പോഴും ഷാഫി ഇപ്പോഴത്തെ പവർ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തി വിവരങ്ങൾ ചോർത്തിയിരുന്നു. ഉമ്മൻചാണ്ടിക്കതിൽ വലിയ വിഷമമുണ്ടായിരുന്നു.
സരിന് ഷെയ്ക്ക്ഹാൻഡ് നൽകാത്ത രാഹുലിന്റെയും ഷാഫിയുടെയും പെരുമാറ്റം മോശമായി. എതിരാളിക്ക് കൈകൊടുത്താൽ എന്താണ് പ്രശ്നമെന്നും പത്മജ ചോദിച്ചു.
ഈ വിഷയത്തിൽ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയോട് ബഹുമാനമുണ്ടെന്നും എന്നാൽ സതീശന്റെ പ്രതികരണം കുട്ടികളുടേതു പോലെ ബാലിശമായെന്നും പത്മജ പ്രതികരിച്ചു. പിന്നിൽ നിന്നും കുത്തിയവർ അഭിപ്രായം പറയേണ്ട എന്ന് എന്നെക്കുറിച്ച് കോണ്‍ഗ്രസുകാർ പറയുന്നുണ്ട്.
എന്നെ പിന്നിൽ നിന്നും സൈഡിൽ നിന്നും കുത്തിയവരാണവർ. അങ്ങിനെ കുത്തുകൊണ്ട് ഓടിയ ആളാണ് ഞാൻ. പക്ഷേ ഇപ്പോഴെനിക്ക് സമാധാനമുണ്ട്. ചിരിച്ചുകൊണ്ട് ഞാനിപ്പോൾ കോണ്‍ഗ്രസിനകത്തെ അടി കാണുന്നുവെന്നും പത്മജ പറഞ്ഞു.