മുംബൈ: ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര 3-0നു നഷ്ടപ്പെട്ടതോടെ ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ മുൾമുനയിൽ.
ഗൗതം ഗംഭീറും അദ്ദേഹത്തിന്റെ കോച്ചിംഗ് സംഘത്തിലുമുള്ള ഇന്ത്യൻ ആരാധകരുടെ വിശ്വാസം പൂർണമായി നഷ്ടപ്പെട്ട പരന്പരയായിരുന്നു ന്യൂസിലൻഡിനെതിരായത്. ഗൗതം ഗംഭീർ മുഖ്യപരിശീലക റോളിൽ എത്തിയശേഷം ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും എതിരായ രണ്ടു ട്വന്റി-20 പരന്പര മാത്രമാണ് ഇന്ത്യ നേടിയത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പര ജയിച്ചെങ്കിലും ഇന്ത്യൻ ടീമുമായി കിടപിടിക്കുന്ന ടീമല്ല അവരെന്നതാണ് വാസ്തവം. ശ്രീലങ്കയിൽ അവർക്കെതിരായ ഏകദിന പരന്പരയും ഇന്ത്യയിൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയും ഗംഭീർ മുഖ്യപരിശീലകനായശേഷം നഷ്ടപ്പെട്ടു.
മുൻപരിചയമില്ല, എന്നിട്ടും
കോച്ച് എന്ന നിലയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ഇന്റർനാഷണൽ ക്രിക്കറ്റിലോ മുൻപരിചയമില്ലാതെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യപരിശീലകനാക്കിയത്. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ ബിജെപി മുൻ എംപിയായ ഗംഭീറിന്റെ മുഖ്യപരിശീലക റോൾ പൊളിറ്റിക്കൽ നിയമനമാണ്. ഐപിഎല്ലിൽ ടീമിന്റെ മെന്ററും കോച്ചുമായെങ്കിലും മികച്ച ട്രാക്ക് റിക്കാർഡ് ഗംഭീറിനില്ലെന്നതും വാസ്തവം.
എന്നിട്ടും സഹപരിശീലകരെ തെരഞ്ഞെടുക്കാൻവരെ ഗംഭീറിനു ബിസിസിഐ സ്വാതന്ത്ര്യം നൽകി. ഒപ്പം ആവശ്യപ്പെട്ട സാലറിയും. അതിന്റെയൊന്നും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല, ഗംഭീർ പരിശീലകനായശേഷം ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കും ഇന്ത്യ വീണു. തുടർച്ചയായ മൂന്നാം ഫൈനൽ എന്നതിൽനിന്ന് വളരെ അകലെയാണ് ടീം ഇന്ത്യ ഇപ്പോളെന്നതും വാസ്തവം.
രോഹിത്തിന്റെ പിന്തുണ
രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് വി.വി.എസ്. ലക്ഷ്മണ് ആയിരുന്നു ഏറ്റവും യോഗ്യൻ. എന്നാൽ, അതുണ്ടായില്ല. കോച്ചിനെതിരേ ലഹളയുണ്ടാക്കുന്ന പഴയ ചരിത്രവും ഇത്തവണ ഇതുവരെ കണ്ടില്ല.
അനിൽ കുംബ്ലെയ്ക്കെതിരേ ലഹളയുണ്ടാക്കിയ വിരാട് കോഹ്ലിയായിരുന്നു അത്തരത്തിലെ അവസാന ക്യാപ്റ്റൻ. ഗൗതം ഗംഭീറും കോച്ചിംഗ് സ്റ്റാഫും മികച്ചതാണ്. അവർ എത്തിയതല്ലേയുള്ളൂ.
കളിക്കാരാണ് തോൽവിയുടെ ഉത്തരവാദികൾ – ഇതായിരുന്നു ന്യൂസിലൻഡിനെതിരാ ചരിത്ര ടെസ്റ്റ് പരാജയത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്.