കണ്ണൂരിന്റെ കുരുക്കഴിക്കാന്‍ പദ്ധതികള്‍ക്കു തുടക്കം

KNR-BLOCKകണ്ണൂര്‍: വാഹനാപകടങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബസ് ഉടമ, ബസ് തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. ഇതിനാവശ്യമായ ശിപാര്‍ശകള്‍ ബസ് ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍ സംയുക്തമായി 24നകം തയറാക്കി സമര്‍പ്പിക്കും. കളക്ടര്‍, ആര്‍ടിഒ, എഡിഎം, ട്രാഫിക് ഡിവൈഎസ്പി, ബസ് ഉടമാ-ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരടങ്ങിയ ഉപസമിതി ഇത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ തയാറാക്കും.

റെയില്‍വേ സ്റ്റേഷനു മുന്നിലെ ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിക്കുക, നഗരത്തിലെ അനധികൃത പാര്‍ക്കിംഗുകള്‍ അവസാനിപ്പിക്കുക, ബസ് ബേകള്‍ സ്ഥാപിക്കുക, വീതികൂട്ടിയ റോഡുകളിലുള്ള വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കുക, അപകടസാധ്യത വര്‍ധിച്ച സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായി. നഗരത്തില്‍ ജില്ലാ ആശുപത്രി മുതല്‍ കാല്‍ടെക്‌സ് ജംഗ്ഷന്‍ വരെ ബസുകള്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസത്തിനു കാരണമാകുന്നതായും സമയക്രമം അനുസരിച്ച് ബസുകള്‍ നഗരത്തില്‍നിന്ന് പോവുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.

മട്ടന്നൂരില്‍ ബസ് തൊഴിലാളിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ പുരോഗതി സംബന്ധിച്ചു ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് കളക്ടര്‍ അറിയിച്ചു. എഡിഎം മുഹമ്മദ് യൂസുഫ്, ആര്‍ടിഒ മോഹനന്‍ നമ്പ്യാര്‍, വിവിധ ബസ് ഉടമാ-ട്രേഡ് യൂണിയന്‍ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts