ചേർത്തല: ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. അറുപതുകാരിയായ ഗൃഹനാഥ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേർക്കും പരിക്കേറ്റു. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡ് വാരനാട് പിഷാരത്ത് ആനന്ദവല്ലി (60), മക്കളായ സുധീരാജ്, ആനന്ദരാജ്, അജയ് രാജ് എന്നിവർക്കാണു പരിക്കേറ്റത്.
ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലേക്കും മാറ്റി. ആക്രമിക്കാൻ എത്തിയ ചെങ്ങണ്ട സ്വദേശി അഭിമന്യു ഉൾപ്പെടെ രണ്ടു പേർക്കും പരിക്കുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം.
ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജയരാജനെ ആദ്യം വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ ആനന്ദവല്ലിയെയും മറ്റ് സഹോദരങ്ങളേയും ഇവർ ആക്രമിച്ചു. അക്രമികളിൽ രണ്ടുപേരെ സുധിരാജും ആനന്ദരാജും ചേർന്ന് വീട്ടിൽ പൂട്ടിയിട്ടു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ ഇവിടെനിന്നും മാറ്റിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു.
തിങ്കളാഴ്ച രാവിലെ അഭിമന്യുവിനെ സുധിരാജും മറ്റും ചേർന്ന് മർദിച്ചതായും ഇതിനെത്തുടർന്നാണ് അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചതെന്നും പറയുന്നു. ചേർത്തല എഎസ്പി ഹരീഷ് ജയിൻ, സിഐ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.