പേരൂർക്കട: കുറവൻകോണം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റ് അപകടാവസ്ഥയിൽ. കവടിയാർ ജംഗ്ഷനിൽ നിന്ന് പട്ടത്തേക്ക് പോകുന്ന ഭാഗത്ത് ഇടതുവശത്തായിട്ടാണ് ഫുട്പാത്തിനോട് ചേർന്ന് ട്രാഫിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
നാല് റോഡുകൾ ചേരുന്ന കുറവൻകോണം ജംഗ്ഷനിൽ വാഹന യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 10 വർഷത്തിനു മുമ്പാണ് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചത്.’
മൊത്തം നാല് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചിരുന്നതെങ്കിലും കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ഇവ പ്രവർത്തിച്ചത്. കുറവൻകോണം ജംഗ്ഷനിൽ സിഗ്നൽ പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് മനസിലായതോടുകൂടിയാണ് സിഗ്നൽ പോസ്റ്റുകൾ നോക്കുകുത്തികളായത്.’
അറ്റകുറ്റപ്പണി ഇല്ലാതായതോടെ മഴയും വെയിലുമേറ്റ് സിഗ്നൽ പോസ്റ്റ് തുരുമ്പെടുത്ത് ചരിഞ്ഞ അവസ്ഥയിലാണ്. ഇതിനു സമീപത്ത് കൂടിയാണ് കാൽനടയാത്രികർ സഞ്ചരിക്കുന്നത്. പോസ്റ്റ് ഏതു നിമിഷവും ചരിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽ പോസ്റ്റ് സ്ഥലത്തുനിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.