പാലക്കാട്: കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ. സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച മുറിയില്‍ പോലീസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുധാകരന്.
പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തരമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളതെന്നും ഈ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും സുധാകരന് പറഞ്ഞു.
അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയും കള്ളപ്പണവുമായി ബന്ധപ്പെട്ട സംഭവമില്ല. രാത്രിയില്‍ പരിശോധിച്ചിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ എന്നും സുധാകരന് പരിഹസിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്ക്കെത്തിയത്. ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. എന്നാല്‍ വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. പോലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പലതവണ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി.