തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജിതമാക്കി. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായ കെ. ഗോപാലകൃഷ്ണന്റെ പരാതി ശരിയല്ലെന്ന് കഴിഞ്ഞ ദിവസം വാട്സാപ് സൈബർ പോലീസിനെ അറിയിച്ചു.
ഇതിനു പിന്നാലെ കൂടുതല്‍ കാര്യങ്ങളിൽ വ്യക്തത തേടുകയാണ് പോലീസ്. അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചു. അടുത്ത ദിവസം വിശദമായ വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന് ഗ്രൂപ്പ് അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രമാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്.
എന്നാല്‍ സംഭവം വിവാദമായതോട ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ് ഹാക്ക് ചെയ്തുവെന്നു കാണിച്ച് കെ.ഗോപാലകൃഷ്ണന് സൈബര്‍ പോലീസില്‍ പരാതിയും നല്കി.
മൊബൈൽ ഫോൺ ആരോ ഹാക്ക് ചെയ്താണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം വിശ്വസിക്കുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.
പോലീസിന് പരിശോധനയ്ക്ക് നൽകിയ മൈബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത ശേഷമാണ് നൽകിയത്. ഇതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.