പാലക്കാട്: യുഡിഎഫ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം.
തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി നേതാക്കൾ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. അതിൽ ഒരു ഡീലുമില്ല. ഷാഫി പറന്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു.
പോലീസിലും ആശയക്കുഴപ്പം
പാലക്കാട് : വിവാദമായ പാലക്കാട് പാതിരാപരിശോധന വിഷയത്തിൽ പോലീസിനുള്ളിലും ആശയക്കുഴപ്പം. കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട പോലീസിന്റെ വിശദീകരണത്തിലാണ് ആശയക്കുഴപ്പം.
സ്ഥിരം പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്നു പാലക്കാട് എഎസ്പി വിശദീകരിച്ചത്. എന്നാൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെന്നാണ് പോലീസ് സെർച്ച് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യുഡിഎഫും ബിജെപിയും കള്ളപ്പണമൊഴുക്കുന്നു: എൻ.എൻ.കൃഷ്ണദാസ്
പാലക്കാട്: പാലക്കാട്ടെ വിവാദ പോലീസ് പരിശോധനക്കിടെ യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ്.
യുഡിഎഫും ബിജെപിയും കള്ളപ്പണം ഒഴുക്കുന്നുവെന്ന് സിപിഎം പരാതി നൽകിയിരുന്നു. പരിശോധനയ്ക്ക് പോലീസ് എത്തും മുന്‍പേ പണം മാറ്റിയിരിക്കാം. ബിജെപിയ്ക്കും കോണ്‍ഗ്രസിനും കള്ളപ്പണം എത്തുന്നത് ഒരേ സ്രോതസിൽ നിന്നാണെന്നും കൃഷ്ണദാസ് പറഞ്ഞു.