ചാത്തന്നൂർ: ശബരിമല മണ്ഡല ഉത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസിനായി 450ലേറെ ബസുകൾ ഒരുക്കുന്നു. കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകളിൽ അടിയന്തിരമായി ഈ ബസുകൾക്കുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.
പമ്പ സ്പെഷൽ സർവീസിനായി ഓരോ ഡിപ്പോകളിൽ നിന്നു പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് അയയ്ക്കേണ്ട ബസുകളുടെചെസ്റ്റ് നമ്പർ സഹിതം യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്. ഈ ബസുകളാണ് പമ്പയിലേയ്ക്കും ഉപകേന്ദ്രങ്ങളിലേയ്ക്കും അയയ്ക്കേണ്ടത്.14 മുതൽ യൂണിറ്റുകളിൽ നിന്നും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേയ്ക്ക് ഒരു സെറ്റ് ക്രൂ സഹിതം ബസുകൾ എത്തിക്കണം.
മെക്കാനിക്കൽ, ബോഡി വർക്കുകൾ, വൃത്തിയായ വാഷിംഗ് അടക്കം കുറ്റമറ്റ രീതിയിലായിരിക്കണം ബസുകൾ. ആവശ്യമായ മെയിന്റനൻസ് അടക്കമുള്ള ബസിന്റെ രേഖകളും കൈമാറണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ് എന്നിവയും ഫയർ എക്സ്റ്റിംഗുഷറും ബസിൽ ഉണ്ടായിരിക്കണം. ഹാൻഡ് ബ്രേക്കിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം.
പൂൾ ചെയ്തിട്ടുള്ള ബസുകൾ തീർത്ഥാടന കേന്ദ്രങ്ങളിൽ പരമാവധി വിനിയോഗിക്കണം. അല്ലാത്ത പക്ഷം മറ്റ് യൂണിറ്റുകളിലേയ്ക്ക് കൈമാറണം. നിശ്ചലമാക്കി ഇടരുത് എന്നും നിർദ്ദേശിച്ചിട്ടുണ്ട്. പമ്പയിലേയ്ക്കും ഉപകേന്ദ്രങ്ങളിലേക്കും സ്പെഷൽ സർവീസിനായി അയയ്ക്കേണ്ട ബസുകൾ.
പമ്പയിലേയ്ക്ക് – 200,പമ്പ ത്രിവേണി സർവീസിന് – 3,പമ്പയിലേയ്ക്കുള്ള പ്രധാന പ്രവേശന കവാടങ്ങളായ ചെങ്ങന്നൂരിലേയ്ക്ക് – 70, കോട്ടയം – 40 , എറണാകുളം -30, പത്തനംതിട്ട -23, കൊട്ടാരക്കര – 20, എരുമേലി- 18,കുമളി – 17, പുനലൂർ -10 , തിരുവനന്തപുരം സെൻട്രൽ-8. ഈ കേന്ദ്രങ്ങളിൽ നിന്നും പമ്പയിലേയ്ക്കും പമ്പയിൽ നിന്നും തമിഴ് നാട് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും സർവീസ് നടത്തും.
യാത്രാക്ലേശം രൂക്ഷമാകും
ശബരിമല തീർത്ഥാടകരുടെ യാത്രാ സൗകര്യത്തിനായി കെഎസ്ആർടിസിയുടെ 350 ലേറെ ബസുകളാണ് മാറുന്നത്. നിരത്തുകളിൽ നിന്നും ഇത്രയും ബസ് ഒറ്റയടിക്ക് മാറുമ്പോൾ ദേശീയ പാതയിലേയും സംസ്ഥാന, അന്തർ സംസ്ഥാന ഹൈവേകളിലെയും ഗ്രാമീണ മേഖലകളിലെയും ബസ് സർവീസുകൾ ഗണ്യമായി കുറയും. തിരക്ക് കൂടുന്നതനുസരിച്ച് പമ്പയിലേയ്ക്ക് കൂടുതൽ ബസുകൾ അയയ്ക്കേക്കേണ്ടി വരികയും ചെയ്യും.
പ്രതിദിനം 3500-3750 സർവസുകളാണ് കെ എസ് ആർടിസി നടത്തുന്നത്. ബസുകളുടെ അപര്യാപ്തയാണ് ഇതിന് കാരണം. നല്ല ബസുകൾ ഒട്ടുമിക്കതും ശബരിമല തീർത്ഥാടകർക്കായി മാറ്റി കഴിഞ്ഞു. കട്ടപ്പുറം സ്റ്റൈൽ ബസുകളായിരിക്കും ഇനി നിരത്തിൽ അത് ബ്രേക്ക് ഡൗണുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്നും ജീവനക്കാർ ആശങ്ക പ്രകടിപ്പിച്ചു.
പ്രദീപ് ചാത്തന്നൂർ