കോതമംഗലം: പീഡനാരോപണ കേസില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണു റിപ്പോര്‍ട്ട് നല്‍കിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിവിനെ ആറാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്.
പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്തുണ്ടായിരുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എറണാകുളം റൂറല്‍ ഡിവൈഎസ്പി ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആരോപണമുന്നയിച്ച അന്നുതന്നെ മാധ്യമങ്ങളെ കണ്ട് പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നിവിന്‍ ആരോപിച്ചിരുന്നു.
പീഡനാരോപണത്തില്‍ നടന് ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതിയും നല്കി. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇതന്വേഷിക്കണമെന്നുമാണ് നടന് പറഞ്ഞത്.
ഒപ്പം നിന്നതിനു നന്ദി: നിവിന്‍ പോളി
കൊച്ചി: പീഡനാരോപണ കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നന്ദി പറഞ്ഞ് നടന് നിവിന്‍ പോളി.ആരോപണം നേരിട്ടപ്പോള്‍ മുതല്‍ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ സമൂഹമാധ്യമ പോസ്റ്റ്. എന്നിലര്‍പ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍നിന്ന് നന്ദിയെന്നും നിവിന്‍ കുറിച്ചു.
പോലീസിനെ കുറ്റപ്പെടുത്തി പരാതിക്കാരി
കൊച്ചി: നിവിന്‍ പോളിയെ കേസില്‍നിന്നു രക്ഷിച്ചത് പോലീസിന്റെ ഇടപെടലാണെന്നും പോലീസുമായി നടന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി. നടനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമപരമായി തന്നെ മുന്നോട്ടുപോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.