മുണ്ടക്കയം: പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴിയിൽ വനംകുളവിയുടെ കുത്തേറ്റ് മരണപ്പെട്ട കാവനാൽ കുഞ്ഞുപെണ്ണ് (108) നാടിന്റെ മുത്തശിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ദീർഘനാൾ വോട്ടവകാശം രേഖപ്പെടുത്തിയതിന് ജില്ലാ കളക്ടറുടെ പ്രശംസാപത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞുപെണ്ണിന്റെ വീട്ടിലെത്തി നൽകിയിരുന്നു.
മലയരയ സമുദായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് ഉദ്ഘാടനത്തിന് 2022ൽ മുഖ്യമന്ത്രി പിണറായി വിജയന് എത്തിയപ്പോള്‍ പ്രമുഖ വ്യക്തികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു. മല അരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.
17ാം വയസിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത കുഞ്ഞുപെണ്ണിന് നിലത്തെഴുത്ത് മാത്രമായിരുന്നു വിദ്യാഭ്യാസം. ചെറുപ്രായത്തിൽ തുടങ്ങിയ കൃഷിപ്പണി 108-ാം വയസിലും തുടർന്നു.
ഈ പ്രായത്തിലും മണ്ണിൽ പണിയെടുക്കുന്ന മുത്തശി നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. അല്പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്നങ്ങളൊന്നും 108ാം വയസിലും ഇവർക്കുണ്ടായിട്ടില്ല. തന്റെ പുരയിടത്തിലെ കുരുമുളക് ചെടിയിൽ വീണ ഓല എടുത്തു മാറ്റുന്നതിനിടയിലാണ് കുഞ്ഞുപെണ്ണിന് വനംകുളവിയുടെ കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനംകുളവിയും വന്യജീവി;നഷ്ടപരിഹാരം നല്‍കണം
കോട്ടയം: വനംകുളവിയുടെ കുത്തേറ്റ് എരുമേലി പഞ്ചായത്തിലെ പാക്കാനത്ത് കാവനാല്‍ കുഞ്ഞുപെണ്ണും മകള്‍ തങ്കമ്മയും ദാരുണമായി മരിച്ചത് വന്യജീവി ആക്രമണത്തിൽതന്നെ പെടുത്തണമെന്ന് ആവശ്യം. കടന്നല്, തേനീച്ച എന്നിവ വനജീവികളായതിനാല് മരണം സംഭവിച്ചാല്‍ വന്യജീവി ആക്രമണത്തിന്റെ പരിധിയില്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും വ്യവസ്ഥയുണ്ട്.
1980 ലെ വന്യമൃഗ ആക്രമണം സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ കുത്തോ കാരണം മരണം സംഭവിച്ചാലും നല്‍കുക.
പെരുന്തേനീച്ചയെക്കാളും കുളവിയെക്കാളും മാരകമാണ് കൊടുംവിഷമുള്ള വനംകുളവിയുടെ കുത്ത്. അഞ്ചിലേറെ കുത്തുകളേറ്റാല്‍ മരണം സംഭവിക്കാം. മുഖത്തേല്‍ക്കുന്ന കുത്താണ് കൂടുതല്‍ മാരകം. വനംകുളവിയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരിച്ച ഇരുവരുടെയും ദേഹമാസകലം കുത്തേറ്റിരുന്നു.
എരുമേലി പഞ്ചായത്തില്‍ ഇതോടെ വന്യമൃഗ ആക്രമണത്തില്‍ ആറു പേര്‍ക്കാണ് ജീവൻ നഷ്ടമായത്. കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേരും തുലാപ്പള്ളിയില്‍ കാട്ടാനയുടെ കടന്നേറ്റത്തില് ഒരാളും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ചൊവ്വാഴ്ച പാക്കാനത്ത് വനംകുളവി യുടെ ആക്രണം. സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന ജോയി, അയല്‍വാസി ശിവദര്ശന് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.