തൃശൂർ: പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. ആത്മാഭിമാനത്തിന് മുറിവ് പറ്റി നിൽക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർട്ടി നടപടിയെടുക്കേണ്ടതെന്ന് സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു.
അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാൻ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. തന്റെ മുറിവുകൾക്ക് മേൽ മുളകരച്ചുതേക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും ബിജെപി പ്രവർത്തകനായി നാട്ടിൽ തുടരുമെന്നും സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രചാരണത്തില്‍നിന്നു വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയിൽ ഒരാൾ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്.
അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകൾ വരുമ്പോൾ വലിയ സങ്കടം ഉണ്ട്. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ താൻ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകൾ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാർഥിക്ക് വേണ്ടി ഗൃഹസമ്പർക്കം നടത്തിയ ആളാണ് താനെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.