‘ഉണ്ണി മൂത്രം പുണ്യാഹം ‘ എന്നാണല്ലോ ചൊല്ല്. എന്നാൽ ചൊല്ല് ചെല്ലാൻ മാത്രമേ പാടുള്ളൂ ദേഹത്തു വീണാൽ അപ്പോൾ തന്നെ കഴുകാൻ ഓടുന്നവരാണ് നമ്മൾ. ഇപ്പോഴിതാ ഒരു ഉണ്ണിമൂത്ര കഥ പങ്കുവച്ച് പൊല്ലാപപ് പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു യുവതി.
ഭക്ഷണം കഴിക്കുന്നതിനായി യുവതിയും കുടുംബവും തീൻ മേശയിൽ ഇരിക്കുകയായിരുന്നു. കൂട്ടത്തിൽ മുതിർന്ന സ്ത്രീ ചെറുമക്കളെയും ഒപ്പം കൂട്ടി. ഇളയ കുഞ്ഞിനെ മേശമേലും ഇരുത്തി. ഇതിനിടയിൽ കഴിക്കാനുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഓരോന്നായി തീൻമേശയിലേക്ക് എത്തിക്കൊണ്ടിരുന്നു.
ഏറ്റവും ഇളയ കുട്ടിക്ക് പെട്ടെന്നാണ് മൂത്രം ഒഴിക്കാൻ തോന്നിയത്. പിന്നെ മറ്റൊന്നും അവൻ നോക്കിയില്ല. ഉടൻതന്നെ ടേബിളിൽവച്ച ഭക്ഷണത്തിൽ അവൻ മൂത്രമൊഴിച്ചു. കുടുംബാംഗങ്ങൾ കുട്ടി മൂത്രമൊഴിച്ചതൊന്നും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്നതു തുടർന്നു. കുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ പങ്കുവച്ചു. അതോടെ യുവതിക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
കുട്ടികളെ ചെറുപ്പത്തിൽ തന്നെ നല്ല ശീലങ്ങൾ പഠിപ്പിച്ച് കൊടുക്കാൻ പലരും യുവതിയെ ഉപദേശിച്ചു. ചിലരാകട്ടെ കുട്ടി ചെയ്ത പ്രവർത്തിയെ പിന്താങ്ങുകയും ചെയ്തു. സാംസ്കാരികമായി നോക്കിയാൽ കുട്ടി ചെയ്തത് തെറ്റല്ലന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ചൈനീസ് വിശ്വാസപ്രകാരം കുഞ്ഞുങ്ങളുടെ മൂത്രം നിഗൂഡ ശക്തികളെ നശിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.