കാട്ടാക്കട: വീട്ടിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത തേടി കരസേനയും എയർഫോഴ്സും പോലീസും പരിശോധന നടത്തും. വെടിയുണ്ട പോലീസിന്റേതാണെന്നും എയർഫോഴ്സിന്റേതാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മൂവരും അന്വേഷണം നടത്തുന്നത്.
അതേസമയം വെടിയുണ്ട പതിച്ച വീടിന് സമീപത്തു നിന്ന് ഇന്ന് മറ്റൊരു വെടിയുണ്ട കൂടി ലഭിച്ചു. ഇന്നു രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് നാട്ടുകാർ വെടിയുണ്ട കണ്ടത്. ഇത് ഇന്നലെ പതിച്ചതാണോ അതോ മുൻപ് വീണതാണോ എന്നതു സംബന്ധിച്ച് പരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇന്നു കൈമാറും.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ. ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.ആശുപത്രിയിൽ പോയിരുന്നു കുടുംബം ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷീറ്റ് ഇട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചിരിക്കുന്നത്.
സമീപത്തെ മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ള വെടിയുണ്ടലക്ഷ്യം തെറ്റി വീട്ടിൽ വീണതാകാമെന്ന് ആണ് ഒരു നിഗമനം. ഇവിടെ ഇന്നലെ ഫയറിംഗ് പരിശീലനം ഉണ്ടായിരുന്നു. സമാന രീതിയിൽ മുൻപും സമീപത്തെ വീടുകളിൽ വെടിയുണ്ട വീണിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർ മലയിൻകീഴ് പൊലീസിൽ പരാതി നൽകി. പോലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. എ.കെ.47 പോലെയുള്ള തോക്കിലെ നിറയെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയോടെയാണ് വെടിയുണ്ട കണ്ടെത്തിയത്. മകൾ സഞ്ജനയെയും കൊണ്ട് ആനന്ദും ഭാര്യ ശരണ്യയും രാവിലെ പൂജപ്പുരയിലെ ആശുപത്രിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കിട ക്കുന്നത് ശ്രദ്ധയിൽപെട്ടത്. ആദ്യം എന്താണെന്നു മനസിലായില്ല.
പിന്നാലെയാണ് മേൽ ക്കുരയിലെ ഇരുമ്പ് ഷീറ്റിൽ തുള കണ്ടത്. ഇതോടെ വെടിയുണ്ട ആണെന്നു ഉറപ്പിച്ചു. പരിഭ്രാന്തരായ ഇവർ വീട്ടുടമ കെ.ബാലചന്ദ്രൻ നായരെ അറി യിച്ചു. തുടർന്ന് വൈകിട്ടോടെ മലയിൻകീഴ് പോലീസിൽ പരാതി നൽകുകയായിരുന്നു.2014 ൽ വിളവൂർക്കൽ മലയം പുകവലിയൂർക്കോണത്ത് വീട്ടമ്മയുടെ വയറ്റിൽ വെടിയുണ്ട പതിച്ചു പരിക്കേറ്റു.
കരസേനയിലെയും പോലീസിലെയും ഉദ്യോഗസ്ഥർ എത്തി ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. 2015 മേയ് 9ന് വിളവൂർക്കലിൽ വീട്ടിൽ വെടിയുണ്ട തുളച്ചു കയറിയിരുന്നു. അന്നു വീടിനുള്ളിൽ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തല നാരിഴയ്ക്കാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടത്.
പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. 2018 നവംബർ 20ന് പൊറ്റയിലും വീട്ടിൽ ജനൽചില്ലു തകർത്തു വെടിയുണ്ട കിടപ്പുമുറിയിൽ എത്തി. മുക്കുന്നിമലയിലെ സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ട ആണെന്നു സ്ഥിരീകരിച്ചെങ്കിലും തുടർ നടപടികളായില്ല. ഈ വീടിനു സമീപത്താണ് ഇന്നലെയും വെടിയുണ്ട പതിച്ചത്.