ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ വില്ലേജ് ഡിഫൻസ് ഗാർഡുമാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. രണ്ടുപേരെയാണു വധിച്ചത്.
ശ്രീനഗറിലെ സൺഡേ മാർക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റ് ദിവസങ്ങൾക്കുശേഷമാണ് ഈ സംഭവം. വില്ലേജ് ഡിഫൻസ് ഗാർഡുമാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെ വ്യാഴാഴ്ച കിഷ്ത്വാറിലെ വനമേഖലയിൽനിന്നു തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരരെ കണ്ടെത്താൻ വലിയ തെരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരിൽനിന്നു ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കാഷ്മീർ പോലീസ് രൂപീകരിച്ചതാണ് വില്ലേജ് ഡിഫൻസ് ഗാർഡ്.